'സ്ഥാനാർത്ഥി' പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം; മറ്റാരും ഇടപെടേണ്ടതില്ലെന്ന് ജോസ് കെ മാണി വിഭാഗം

By Web TeamFirst Published Aug 31, 2019, 10:08 AM IST
Highlights

ഉപസമിതി യോഗത്തോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.
 

പാലാ: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്നത്തെ യുഡിഎഫ് ഉപസമിതിയില്‍ പരിഹരിക്കപ്പെടുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. ഉപസമിതി യോഗത്തോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരാനിരിക്കെ തങ്ങളുടെ നിലപാടിലുറച്ചു നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റാരും ഇതിൽ ഇടപെടേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു.

ഇന്ന് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ജോസ് കെ മാണി പങ്കുവച്ചത്. ഇന്നലത്തെ ചർച്ചയിൽ ഒരു സ്ഥനാർത്ഥിയുടെ പേരും ഉയർന്നു വന്നിട്ടില്ല. ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി കൂടുന്ന കാര്യം അറിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍, കേരള കോണ്‍ഗ്രസുകള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. 

click me!