
കോട്ടയം: ക്രൈസ്തവ സഭകളുടെ പിന്തുണയിൽ കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്കെത്തിക്കാൻ യു ഡി എഫ് നീക്കം ശക്തം. മനുഷ്യ - മൃഗ സംഘര്‍ഷത്തിൽ കേരള കോൺഗ്രസിനുള്ള ആശങ്ക മുതലെടുത്താണ് യു ഡി എഫിന്റെ ശ്രമങ്ങൾ. അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സാഹചര്യമടക്കം സാധ്യതയായി യു ഡി എഫ് കാണുന്നുണ്ട്. അതേസമയം സമ്മർദ്ദം ശക്തമാക്കുന്ന കേരളാ കോൺഗ്രസ് നീക്കത്തിൽ കരുതി പ്രതികരിച്ചാൽ മതിയെന്ന ധാരണയിലാണ് സി പി എം.
വിശദ വിവരങ്ങൾ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടനെ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേരള കോൺഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് അടുപ്പിക്കാനുള്ള നീക്കമുണ്ടെന്ന നേരിയ സൂചന നൽകിയത്. സതീശൻ അഭിമുഖത്തിൽ പറഞ്ഞ വിസ്മയം എന്താകുമെന്ന് രാഷ്ട്രീയ കേരളം കാത്തിരിക്കുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അണിയറ നീക്കങ്ങൾ യു ഡി എഫിൽ സജീവമാകുന്നത്. മനുഷ്യ - മൃഗ സംഘര്‍ഷം അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പയറ്റിയ നിലമ്പൂര്‍ പ്രചാരണവും അതിന്‍റെ വരും വരായ്കകളും കേരളാ കോൾഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇത് തന്നെയാണ് നിലവിൽ യു ഡി എഫ് ക്യാമ്പിന്റെ പിടിവള്ളിയും. മനുഷ്യ - മൃഗ സംഘര്‍ഷം രൂക്ഷമായ മലയോരമേഖലയിലാണ് കേരളാ കോൺഗ്രസിന്‍റെ വോട്ട് ബെയ്സ്. വനമേഖലയുമായി നേരിട്ട് സമ്പര്‍ക്കമുള്ള 256 പഞ്ചായത്തിൽ അടക്കം അതിരൂക്ഷമായ സ്ഥിതി നിലനിൽക്കെ അതിനെ അവഗണിച്ച് മുന്നോട്ട് പോകാൻ കേരളാ കോൺഗ്രസിന് കഴിയില്ല. പ്രതിഷേധങ്ങളത്രയും വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലാണെന്നതിനാൽ മറുത്തൊന്നും പറയാനാകാത്ത കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിമിതി പരമാവധി മുതലെടുക്കാനാണ് യു ഡി എഫ് നീക്കം. പാലാ, കോതമംഗലം രൂപതകൾ ഇക്കാര്യത്തിലെ താൽപര്യം ഇതിനകം തന്നെ കേരളാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുന്നണി മാറ്റം അജണ്ടയിലേ ഇല്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെ അല്ലെന്ന ധാരണ സി പി എമ്മിനും എൽ ഡി എഫിനും ഉണ്ട്. മലയോര മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കുന്നതിൽ തുടങ്ങി പ്രത്യേക നിയമ നിര്‍മ്മാണത്തിൽ വരെ കേരളാ കോൺഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കുമ്പോൾ കരുതി പ്രതികരിക്കാനാണ് സി പി എം ധാരണ. ഒന്നുകിൽ കൂടുതൽ സീറ്റ് അല്ലെങ്കിൽ മികച്ച പരിഗണന. രണ്ടായാലും എൽ ഡി എഫിലും യു ഡി എഫിലും കേരളാ കോൺഗ്രിനെ മുൻനിര്‍ത്തി ചര്‍ച്ചകൾ കൊഴുക്കുകയാണ്.