ജെ പി നദ്ദ കേരളത്തില്‍,സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കും,അടിമുടി മാറ്റം ഉണ്ടാകുമോ ?

Published : Sep 25, 2022, 12:45 PM ISTUpdated : Sep 25, 2022, 12:48 PM IST
ജെ പി നദ്ദ കേരളത്തില്‍,സംസ്ഥാന  ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കും,അടിമുടി മാറ്റം ഉണ്ടാകുമോ ?

Synopsis

ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും, തിരുവനന്തപുരത്തും കോട്ടയത്തും ജില്ലാ കമ്മറ്റികളുടെ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശിയ അദ്ധ്യക്ഷന്‍ കേരളത്തിലെത്തി. രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ചെങ്ങമനാട്ട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് കേട്ടു.കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ കോട്ടയത്തെ കൂട്ടായ്മയിലും അദ്ദേഹം പങ്കെടുക്കും.ബിജെപി ജില്ലാ കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യും.നാളെ തിരുവനന്തപുരത്ത് പുതിയ ജില്ലാ കമ്മറ്റി ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും

കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദേശിയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടാത്ത കേരളത്തിലെ പാര്‍ട്ടിയുടെ ദയനീവാസ്ഥ നേരിട്ടറിയാനാണ് ദേശീയ അധ്യക്ഷന്‍ തിരക്കിട്ട് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച്  കിട്ടിയതും നല്ല റിപ്പോര്‍ട്ടുകളല്ല. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കടുത്ത അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കൂടിയാണ് നദ്ദയുടെ സന്ദര്‍ശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന സീറ്റ് പോയി. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും  കുറയുന്നു. സംസ്ഥാന അധ്യക്ഷനും മകനും വിവാദങ്ങളില്‍പെട്ടു. കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെട്ട വിവരങ്ങളിലും  ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ പല ക്രിസ്ത്യന്‍ സഭകൾക്കും പാർട്ടി നിലപാടിനോട് യോജിപ്പുണ്ട്. പക്ഷേ ഈ സാഹചര്യം മുതലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. തൊലിപ്പുറത്തെ ചികിത്സ പോരെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്..ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂര്‍ണ്ണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്.

PREV
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു