
തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്ട്രേറ്റിനെ ചേംബറിൽ തടഞ്ഞ് റിമാന്‍ഡ് പ്രതിയെ അഭിഭാഷകർ മോചിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മജിസ്ട്രേറ്റ് ദീപ മോഹനെതിരെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാർ അസോസിയേഷൻ ഭാരവാഹികളാണ് മജിസ്ട്രേറ്റിനെ തടഞ്ഞത്. സിജെഎം എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്.
വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് കോടതി നിഷേധിച്ചത്. ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റിന്‍റെ നടപടി ശരിയായില്ലെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു. ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണ് മജിസ്ട്രേറ്റിന്‍റേതെന്നും മജിസ്ട്രേറ്റിനെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബാർ അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.
മജിസ്ട്രേറ്റ് കോടതി ബഹിഷ്കരിക്കാനാണ് ബാര്‍ അസോസിയേഷന്‍റെ തീരുമാനം. സംഭവത്തില്‍ ഉള്‍പ്പെട്ട മജിസ്ട്രേറ്റ് ദീപ മോഹനനെതിരെ നേരത്തെ തന്നെ പലവട്ടം പരാതികള്‍ ഉയര്‍ന്നതാണെന്നും ചട്ടവിരുദ്ധമായ നടപടികളാണ് ദീപയുടെ ഭാഗത്ത് നിന്നും പലതവണ ഉണ്ടായിട്ടുള്ളതെന്നും വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെപി ജയചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, മജിസ്ട്രേറ്റിനെ തടഞ്ഞ നടപടി അസാധാരണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.
അഡ്വ.കെ.പി.ജയചന്ദ്രന്‍റെ വാക്കുകള്‍...
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഒന്നിലെ മജിസ്ട്രേറ്റാണ് ദീപ മോഹന്‍. ക്രിമിനല്‍ കേസിലെ നടപടിക്രമം മനസിലാക്കാതെയാണ് അവര്‍ ഒരു കേസില്‍ ഇടപെട്ടതാണ് ഇന്നുണ്ടായ സംഭവങ്ങള്‍ക്ക് കാരണം. വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു സ്ത്രീ ഡ്രൈവര്‍ക്കെതിരെ നല്‍കിയ കേസാണ് ഇത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 337-ാം വകുപ്പ് അനുസരിച്ചാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ വാദിക്കാരിയായ സ്ത്രീ പ്രതിയായ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ തന്നെ പലപ്പോഴായി ഭീഷണിപ്പെടുത്തിയതായി മൊഴി നല്‍കി. സാധാരണ ഗതിയില്‍ വാദിഭാഗം ഇത്തരമൊരു ആരോപണമുന്നയിച്ചാല്‍ അതിനെ പ്രതിരോധിക്കാനും ഖണ്ഡിക്കാനും പ്രതിഭാഗം അഭിഭാഷകന് അവസരം നല്‍കണം. എന്നാല്‍ ഇതിനൊന്നും നില്‍ക്കാതെ ചട്ടവിരുദ്ധമായി ഡ്രൈവറെ റിമാന്‍ഡ് ചെയ്യുകയാണ് മജിസ്ട്രേറ്റ് ചെയ്തത്.
ചാര്‍ജ് ഷീറ്റില്‍ പോലും പറയാത്ത ഒരു കുറ്റം ഉന്നയിക്കപ്പെടുമ്പോള്‍ അതില്‍ പ്രതിഭാഗത്തിന്‍റേയും പ്രതിയുടേയോ ഭാഗം കേള്‍ക്കാതെ റിമാന്‍ഡ് ചെയ്ത നടപടി നിയമവിരുദ്ധമാണ്. പല തവണയായി മജിസ്ട്രേറ്റ് ഇതാവര്‍ത്തിച്ച സാഹചര്യത്തിലാണ് ഇന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കൂടി ഇക്കാര്യം മജിസ്ട്രേറ്റിനെ നേരില്‍ കണ്ട് പരാതിപ്പെട്ടത്.
കേസില്‍ പ്രതിഭാഗത്തിനായി ഹാജരായ സീനിയര്‍ അഭിഭാഷകനും അദ്ദേഹത്തിന്‍റെ ജൂനിയര്‍മാരും അടക്കം സാമാന്യം വലിയൊരു കൂട്ടം അവിടെയുണ്ടായിരുന്നു എന്നത് സത്യമാണ്. ഒരുപക്ഷേ ഇതു കണ്ട് അവര്‍ ഭയന്നിരിക്കാം. അതല്ലാതെ അവരെ ആരും തടയുകയോ പൂട്ടിയിടുകയോ ചെയ്തിട്ടില്ല.കേസില്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ സിജെഎം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ മജിസ്ട്രേറ്റിന്‍റെ കോടതിയില്‍ മൂന്നാമത്തേയോ നാലമത്തേയോ തവണയാണ് ഈ സംഭവം ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ കോടതിയില്‍ ഇനി വരുന്ന കേസുകളുമായി സഹകരിക്കേണ്ടതില്ലെന്ന് ബാര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam