ഷഹലയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍, സംഭവം നടക്കുമ്പോള്‍ സ്‍റ്റാഫ് റൂമിലായിരുന്നെന്ന് ഷജില്‍

By Web TeamFirst Published Nov 27, 2019, 1:44 PM IST
Highlights

പാമ്പ് കടിയേറ്റെന്ന് ഷഹല പരാതിപ്പെട്ടപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചിരുന്നെന്നും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്‍റെ വാദം. 
 

വയനാട്: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍. സി വി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സംഭവം നടക്കുമ്പോള്‍ താന്‍ സ്‍റ്റാഫ് റൂമിലായിരുന്നുവെന്നാണ് ഷജില്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പാമ്പ് കടിയേറ്റെന്ന് ഷഹല പരാതിപ്പെട്ടപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചിരുന്നെന്നും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്‍റെ വാദം. 

കൂടാതെ കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹലയ്ക്ക് ശുദ്ധവായു കിട്ടാനുമാണെന്നും ഷജില്‍ പറയുന്നു. മാധ്യമങ്ങളെ തൃപ്‍തിപ്പെടുത്താനും സ്കൂളിനെ താറടിച്ചു കാണിക്കാനും ആണ് തന്നെ പ്രതി ആക്കിയിരിക്കുന്നതെന്നും ഷജില്‍ ആരോപിക്കുന്നു. മറ്റൊരു അധ്യാപകന്‍ പറയുമ്പോഴാണ് താൻ കാര്യം അറിഞ്ഞതെന്നാണ് വൈസ് പ്രിന്‍സിപ്പാളിന്‍റെ വാദം. ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്‍റെ പുറകെ  ബൈക്കില്‍ താനും പോയതായും വൈസ്‍ പ്രിന്‍സിപ്പാള്‍ പറയുന്നു. 

ഷഹല ഷെറിന്‍റ മരണത്തില്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രിൻസിപ്പാളിനെയും  വൈസ്പ്രിൻസിപ്പാളിനെയും സസ്പെൻഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്‍തിരുന്നു.  അതേസമയം, ഷഹല ഷെറിന്‍റെ  മരണത്തെ തുടര്‍ന്ന് താൽക്കാലികമായി അടച്ചിട്ട ബത്തേരി സർവ്വജന സ്കൂൾ ഇന്നലെ ഭാഗികമായി തുറന്നിരുന്നു. ഹൈസ്‍കൂള്‍ ,ഹയർ സെക്കന്‍ററി വിഭാഗം ക്ലാസുകളാണ് ഇന്നലെ തുടങ്ങിയത്. ആരോപണവിധേയരായ മുഴുവൻ അധ്യാപകരെയും മാറ്റിനിർത്തിക്കൊണ്ട്  ക്ലാസുകൾ തുടങ്ങാൻ ആണ് പിടിഎ യോഗം തീരുമാനിച്ചത്.

click me!