
കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി ശിക്ഷ റദ്ദാക്കി വെറുതെവിടണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വെറുതെ വിട്ട സിപിഎം ഒഞ്ചിയം മുൻ ഏറിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണൻ, കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവർ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളാണെന്നും ഹൈക്കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26ന് വാദം നടക്കും. ഏറ്റവും നല്ല വിധിയെന്ന് ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎൽഎയുമായ കെ കെ രമ പ്രതികരിച്ചു.
വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിൽ ഉൾപ്പെട്ട 7 പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കേസിൽ ഒന്നുമുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിൽ 26ന് വാദം കേൾക്കും. തെളിവുകളുടെ അഭാവത്തിൽ കോഴിക്കോട്ടെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ട സിപിഎം മുൻ ഒഞ്ചിയം ഏറീയാ കമ്മിറ്റി അംഗം കെകെ കൃഷ്ണൻ, കണ്ണൂർ കുന്നോത്ത് പറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവർ ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളാണെന്നും ഹൈക്കോടതി കണ്ടെത്തി. ചൊക്ലി സമീറ ക്വാട്ടേഴ്സിലെ ഗൂഢാലോചനയിൽ ജ്യോതി ബാബു പങ്കാളിയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഇരുപ്രതികൾക്കും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച ഹൈക്കോടതി ഇവരുടെ ശിക്ഷ വിധിയിൽ 26 ന് വാദം കേൾക്കും. കേസിൽ പികെ കുഞ്ഞനന്തനെ ശിക്ഷിച്ചതും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ള മറ്റ് 22 പേരെ വെറുതെവിട്ട നടപടിയും ശരിവെച്ചു. ശിക്ഷാ കാലയളവിൽ കുഞ്ഞനന്തൻ മരിച്ചതിനാൽ പിഴയടക്കം ഒഴിവാക്കണമെന്ന് അപ്പീലിൽ ആവശ്യമുണ്ടായിരുന്നു. ശിക്ഷ ശരിവെച്ചതിനാൽ പിഴ ഒഴിവാക്കില്ല. കുഞ്ഞനന്തൻ ഒഴികെയുള്ള പത്ത് പ്രതികളും 26ന് കോടതിയിൽ ഹാജരാകണം.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam