
തിരുവനന്തപുരം: നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി മരണകേസില്‍ പൊലീസിനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡിയിലുണ്ടായ മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം പോലും പൊലീസ് അട്ടിമറിച്ചതായി കമ്മീഷന്‍ നിരീക്ഷിച്ചു. നിയമങ്ങളും കോടതികളും പൊലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. തെളിവുള്ളവര്‍ക്ക് എതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ പറഞ്ഞു. കസ്റ്റഡി കൊലപാതകം റിപ്പോർട്ട് ജുഡീഷ്യൽ കമ്മീഷൻ മുഖ്യമന്ത്രിക്ക് കൈമാറി.
2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വച്ചാണ് മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം.
എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റും ചെയ്തു. എന്നാൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam