
നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡിഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ച ഉണ്ടായതായും ജുഡിഷ്യല്‍ കമ്മീഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.
ഒരു ഉത്തരവാദിത്തവും ഇല്ലാതെ ആണ് രാജ്‍കുമാറിന്‍റെ പോസ്റ്റുമോർട്ടം നടന്നത്. ഇപ്പോഴുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ നിന്ന് ഒന്നും കിട്ടാനില്ല. രാജ്‍കുമാറിന്‍റെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചിരുന്നില്ല. ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കത്തെക്കുറിച്ചും വ്യക്തതയില്ല. ഇക്കാരണങ്ങളാല്‍ രാജ്‍കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേ മതിയാകൂ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ അപാകത മൂലം റഡാർ ഇല്ലാത്ത കപ്പൽ പോലെ ആണ് അന്വേഷണം നീങ്ങുന്നതെന്നും റിട്ടയേര്‍ഡ് ജഡ്ജി കെ നാരായണക്കുറുപ്പ് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും രാജ്‍കുമാറിന്‍റെ അമ്മ കസ്തൂരി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തതുകൊണ്ടാണ് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam