
ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ജ്യുഡീഷ്യൽ അന്വേഷണ കമ്മീഷൻ സർക്കാരിന് കത്ത് നൽകി. മരണ കാരണം ന്യുമോണിയ ആണെന്ന് സ്ഥിരീകരിക്കാൻ ശ്വാസകോശത്തിന്റെ സാമ്പിൾ പരിശോധിച്ചില്ലെന്നാണ് കമ്മീഷന്‍റെ ആരോപണം.
നിലവിൽ നടത്തിയ പോസ്റ്റ്മോർട്ടം ശരിയല്ലെന്നാണ് പല ഫോറൻസിക് വിദഗ്ധരും കമ്മീഷനെ അറിയിച്ചിരിക്കുന്നത്. അതിനാൽ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊണ്ട് റീ പോസ്റ്റ്മോർട്ടം നടത്തിക്കണമെന്നാണ് കമ്മീഷന്‍റെ ആവശ്യം. പരുക്കുകളുടെ പഴക്കവും കണ്ടെത്തണം. മൃതദേഹത്തിലെ പരുക്കുകൾ എങ്ങനെ സംഭവിച്ചുവെന്ന് പറയേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. ചികിത്സ നൽകുന്നതിൽ ജയിൽ അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അടുത്ത ദിവസം പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, രാജ്‌കുമാറിന്റെ സ്വദേശമായ കോലാഹലമേട് എന്നിവിടങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തും.
അതേസമയം, നിലവിൽ നടത്തിയിരിക്കുന്ന പോസ്റ്റ്‌മോർട്ടത്തിൽ പിഴവുകൾ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മർദ്ദനത്തെ തുടർന്നുണ്ടായ പരുക്കുകൾ മൂലമാണ് ന്യുമോണിയ ബാധിച്ചതെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ മൊഴി നൽകിയിരിക്കുന്നത്. ഇതിനിടെ കസ്റ്റഡിമരണ കേസിലെ രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. എഎസ്ഐ റെജിമോൻ, സിപിഒ നിയാസ് എന്നിവരെയാണ് നാളെ വൈകീട്ട് ആറ് മണിവരെ പീരുമേട് കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഈ രണ്ട് പ്രതികളാണ് രാജ്കുമാറിനെ കൂടുതൽ മർദ്ദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇവരെ നെടുങ്കണ്ടം സ്റ്റേഷൻ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam