തീരുമാനമെടുത്തത് ചെയർപേഴ്സൺ; തെരുവ് നായകളെ കൂട്ടത്തോടെ കൊന്നതിന് പിന്നിൽ നഗരസഭയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ

By Web TeamFirst Published Jul 28, 2021, 1:17 PM IST
Highlights

നായ്ക്കളെ കൊല്ലാൻ തീരുമാനിച്ചത് ചെയർപേഴ്സൺ, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ ചേർന്നാണെന്നും അറസ്റ്റിലായവർ ചെയർപേഴ്സണടക്കമുള്ളവരെ സഹായിക്കാനാണ് തനിക്കെതിരെ മൊഴി നൽകിയതെന്നുമാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ വാദം.

കൊച്ചി: തെരുവ്നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുൻകൂർ ജാമ്യ ഹർജി നൽകി. ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സജി കുമാർ ആണ് ഹർജി നൽകിയത്. നഗരസഭയ്ക്കെതിരെ നിലപാടെടുത്ത് കൊണ്ടാണ് ഉദ്യോഗസ്ഥൻ്റെ ജാമ്യ അപേക്ഷ. 

നായ്ക്കളെ കൊല്ലാൻ തീരുമാനിച്ചത് ചെയർപേഴ്സൺ, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ ചേർന്നാണെന്നും അറസ്റ്റിലായവർ ചെയർപേഴ്സണടക്കമുള്ളവരെ സഹായിക്കാനാണ് തനിക്കെതിരെ മൊഴി നൽകിയതെന്നുമാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ വാദം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ തനിക്ക് അത്തരം തീരുമാനം എടുക്കാനാകില്ലെന്നും ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നു. 

കാക്കനാട് മുന്നു നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തില്‍ ഇടപെട്ട ഹൈക്കോടതി അമിക്യസ്ക്യുറിയെ നിയമിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ വാഹന ഉടമയുടെ മൊഴിയെടുത്തപ്പോഴാണ് മറവു ചെയ്തത് തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലാണെന്ന് അറിയുന്നത്. മാലിന്യസംഭരണ കേന്ദ്രത്തില്‍  മുന്ന് നായകളെ കണ്ടെത്താനെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ചത് മുപ്പതിലധികം ജ‍ഡങ്ങളാണ്. 

നായകളെ പിടികൂടിയത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടരുടെ നിര്‍ദ്ദേശത്തിലാണെന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. ഉദ്യോഗസ്ഥര്‍ ഓരോ നായയെയും പിടികൂടുന്നതിന് കൂലി നല്‍കിയിരുന്നു. നഗരസഭയുടെ കമ്മ്യൂണിറ്റിഹാളില്‍ താമസ സൗകര്യമൊരുക്കിയതും ഉദ്യോഗസ്ഥർ  തന്നെയെന്നാണ് പിടിയിലായവരുടെ മൊഴി. വിഷയത്തിൽ പങ്കില്ലെന്ന് നഗരസഭ വാദിക്കുന്നതിനെടയാണ് ചെയർപേഴ്സണെ അടക്കം പ്രതിക്കൂട്ടിലാക്കിയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെകടറുടെ വെളിപ്പെടുത്തൽ. 

click me!