IAF Helicopter Crash : പ്രദീപിന് കണ്ണീരോടെ വിട; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍, മൃതദേഹം സംസ്‍ക്കരിച്ചു

Published : Dec 11, 2021, 05:51 PM ISTUpdated : Dec 11, 2021, 05:58 PM IST
IAF Helicopter Crash : പ്രദീപിന് കണ്ണീരോടെ വിട; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍, മൃതദേഹം സംസ്‍ക്കരിച്ചു

Synopsis

പ്രദീപ് പഠിച്ച പുത്തൂര്‍ സ്കൂളില്‍ നടന്ന പൊതുദര്‍ശനത്തിന് പിന്നാലെയാണ് സംസ്‍ക്കാരം നടന്നത്. ആയിരങ്ങളാണ് അന്തിമോപചരാം അര്‍പ്പിക്കാനായി സ്കൂളിലെത്തിയത്. 

തൃശ്ശൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ ( Helicopter Crash ) മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന് (A Pradeep )  ജന്മനാട് കണ്ണീരോടെ വിടനൽകി. സൈനിക ബഹുമതികളോടെ സംസ്‍ക്കാരം തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ നടന്നു. പ്രദീപിന്‍റെ മകന്‍ ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള പൊലീസ് അന്തിമോപചാരം അര്‍പ്പിച്ചു. കേരള പൊലീസിന്‍റെ ഗാര്‍ഡ് ഓഫ്  ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചു. സംസ്ക്കാരത്തിന് മുമ്പായി പ്രദീപിന്‍റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി. പ്രദീപ് പഠിച്ച പുത്തൂര്‍ സ്കൂളില്‍ നടന്ന പൊതുദര്‍ശനത്തിലും വീട്ടിലും ആയിരങ്ങളാണ് അന്തിമോപചരാം അര്‍പ്പിക്കാനായി എത്തിയത്. അസുഖബാധിതനായ പ്രദീപിന്‍റെ അച്ഛന്‍ രാധാകൃഷ്ണനെ ഇന്നാണ് മകന്‍റെ മരണവിവരം അറിയിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. തൃശ്ശൂരിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ ആയിരങ്ങളാണ് വഴിയരികിൽ ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിട പറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2004 ലാണ് പ്രദീപ് അറക്കല്‍  സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുള്ള പ്രദീപ് ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തിരുന്നു. 2018 ലെ മഹാപ്രളയ സമയത്ത്  കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി പ്രദീപ് സ്വമേധയാ ചുമതല ഏറ്റെടുത്തിരുന്നു. പ്രദീപിന്‍റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപും പങ്കാളിയായത്.

Read Also : Army helicopter crash : പ്രളയകാലത്ത് കേരളത്തെ കരുതിയ കരങ്ങള്‍; പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം
ശബരിമല സ്വർണക്കൊള്ള: കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ വിശദ പരിശോധന തുടങ്ങി