മാവോയിസ്റ്റ് വേട്ടയില്‍ നടക്കുന്നത് മനുഷ്യാവകാശലംഘനം: കെമാല്‍ പാഷ

By Web TeamFirst Published Nov 6, 2019, 6:32 PM IST
Highlights

മനുഷ്യാവകാശ ലംഘനം നടക്കുമ്പോൾ കണ്ണടച്ചിരിക്കുന്നത് ഒരുപ്രസ്ഥാനത്തിനും ഭൂഷണമല്ല. ഭയന്ന് ഇരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നാളെ നമ്മുടേയും ഗതി ഇതാകും

കൊച്ചി: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സംസ്ഥാന സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. കൊച്ചിയില്‍ എഐവൈഎഫ് സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു. 

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട 580 കോടിക്കായാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്. പൊലീസ് വിചാരിച്ചാൽ ആർക്കെതിരെയും യുഎപിയെ ചുമത്താവുന്ന അവസ്ഥയാണ്. മജിസ്റ്റീരിയൽ അന്വേഷത്തിന് മുൻപായി ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞത് ശരിയായില്ല. ഇനി എങ്ങനെയാണ് ഈ കേസില്‍ നല്ല രീതിയില്‍ അന്വേഷണം നടക്കുക. 

ഒരു കള്ളം പറഞ്ഞാൽ അത് നില നിർത്താൻ ഒത്തിരി കള്ളങ്ങൾ കാണിക്കേണ്ടി വരും അതാണിപ്പോൾ നടക്കുന്നത്. യുഎപിഎ എന്നാല്‍ രാജ്യദ്രോഹികള്‍ക്കെതിരെ ചുമത്തുന്ന ഗൗരവകരമായ വകുപ്പാണ് അല്ലാതെ ആര്‍ക്കെങ്കിലും എടുത്ത് ചുമ്മാ ചുമത്താനുള്ളതല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

മനുഷ്യാവകാശ ലംഘനം നടക്കുമ്പോൾ കണ്ണടച്ചിരിക്കുന്നത് ഒരുപ്രസ്ഥാനത്തിനും ഭൂഷണമല്ല. ഭയന്ന് ഇരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നാളെ നമ്മുടേയും ഗതി ഇതാകും. മാവോയിസ്റ്റ് ആശയം മനസില്‍ ഇരുന്നാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച കെമാല്‍ പാഷ അതു പ്രചരിപ്പിക്കാന്‍ പാടില്ല എന്നത് സത്യമാണെന്നും ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകളെ സര്‍ക്കാര്‍ അമര്‍ച്ച ചെയ്യണമെന്നും അതിനായി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും കെമാല്‍ പാഷ പറഞ്ഞു. 

click me!