
കൊച്ചി: ജുഡിഷ്യൽ അന്വേഷണം കൊണ്ട് മാത്രം കസ്റ്റഡി മരണങ്ങൾ അവസാനിക്കില്ലെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട്. ശുപാർശകൾ നടപ്പാക്കാനുള്ള ആർജ്ജവം കൂടി സർക്കാരിനുണ്ടാകണമെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ജുഡിഷ്യല്‍ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.
നെടുങ്കണ്ടത്ത് അടുത്ത ദിവസം തന്നെ ജുഡിഷ്യല്‍ അന്വേഷണത്തിന്‍റെ ഭാഗമായി തെളിവെടുപ്പ് നടത്തും. കൊച്ചിയിലാകും കമ്മിഷൻ ഓഫീസ് പ്രവർത്തിക്കുക. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തത് കൊണ്ടാണ് വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
അതേസമയം നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ക്രൈംബ്രാഞ്ചിന്‍റെ തെളിവെടുപ്പ് തുടരും. കേസിലെ ഒന്നാം പ്രതി എസ്ഐ സാബുവിനെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. പ്രതിപ്പട്ടിക വിപുലീകരിക്കാനുള്ള നടപടികളും അന്വേഷണസംഘം തുടങ്ങിക്കഴിഞ്ഞു.
ഇന്ന് വൈകീട്ട് ആറ് മണിവരെയാണ് എസ്ഐ സാബുവിന്‍റെ കസ്റ്റഡി കാലാവധി. ഇതിനകം ഇയാളിൽ നിന്ന് മുഴുവൻ തെളിവുകളും ശേഖരിച്ച് രാജ്കുമാറിനെ മർദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താമെന്നാണ് അന്വേഷണസംഘത്തിന്‍റെ കണക്കുകൂട്ടൽ. അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐ സാബുവിനെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് ഹരിത ഫിനാൻസിലും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലുമെത്തിച്ച് തെളിവെടുക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam