'ഷാഹിദ കമാലിനെ വിമർശിക്കുന്നത് സ്ത്രീകളുടെ പ്രശ്നത്തിൽ ഇടപെടുന്ന സ്ത്രീ ആയതുകൊണ്ട്': പിന്തുണച്ച് കെമാൽ പാഷ

By Web TeamFirst Published Dec 11, 2021, 7:31 AM IST
Highlights

ഷാഹിദ കമാൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പേരിലാവണം അവരെ വിലയിരുത്തേണ്ടതെന്നും കെമാൽ പാഷ പറഞ്ഞു

കൊച്ചി: വിദ്യാഭ്യാസ യോഗ്യത വിവാദത്തിൽ വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിന് പിന്തുണയുമായി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബി കെമാൽ പാഷ. വനിതകളുടെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു സ്ത്രീ ആയതുകൊണ്ടാണ് വനിതാ കമ്മീഷൻ അംഗമായ ഷാഹിദാ കമാലിനെ നിരന്തരം വിമർശിക്കുന്നതെന്ന് കെമാൽ പാഷ പറഞ്ഞു. ഷാഹിദയുടെ സ്ഥാനത്ത് ഒരു പുരുഷൻ ആയിരുന്നെങ്കിൽ ഇന്ന് ആഘോഷിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഷാഹിദയ്ക്ക് ഒരു ബിരുദവും ഇല്ലെങ്കിലും ഒന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളങ്കിൽ പോലും അതിൽ കാര്യമില്ല. അവർ നടത്തുന്ന പ്രവർത്തനങ്ങളുടെ പേരിലാവണം അവരെ വിലയിരുത്തേണ്ടതെന്നും കെമാൽ പാഷ പറഞ്ഞു. കൊല്ലം നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം അഭയകേന്ദ്രത്തിൽ അമ്മമാർക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഹിദ കമാലും ചടങ്ങിൽ പങ്കെടുത്തിരുന്നു.

click me!