ജാതിസംവരണം ഒഴിവാക്കണം, ബ്രാഹ്മണര്‍ താക്കോല്‍ സ്ഥാനത്തെത്തണം; ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസംഗം വിവാദത്തില്‍

By Web TeamFirst Published Jul 24, 2019, 3:28 PM IST
Highlights

''ബ്രാഹ്മണ പാചകക്കാരന്‍റെ മകന് സംവരണം കിട്ടണമെങ്കിൽ അവൻ സാമ്പത്തികമായി പിന്നിലായിരിക്കണം. എന്നാൽ തടി വ്യവസായിയായ പിന്നാക്കക്കാരന്‍റെ മകന് ഉറപ്പായും സംവരണം കിട്ടും...'' - ജസ്റ്റിസിന്‍റെ വാക്കുകള്‍

കൊച്ചി: ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പ്രതിഷേധവുമായി ബ്രാഹ്മണര്‍ മുന്നോട്ടുവരണമെന്ന ജസ്റ്റിസ് വി ചിദംബരേഷിന്‍റെ പ്രസ്താവന വിവാദമാകുന്നു. കൊച്ചിയിൽ തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിലായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ചിദംബരേഷിന്‍റെ വിവാദ പരാമർശം. ബ്രാഹ്മണന്‍ വര്‍ഗ്ഗീയ വാദിയല്ല. എപ്പോഴും മറ്റുള്ളവരുടെ വികാരം മാനിക്കുന്നവനാണ്. അഹിംസാവാദിയാണ്. മനുഷ്യ സ്നേഹിയാണ്. അങ്ങനെയുള്ള ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

''ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മണ സമുദായങ്ങൾ ശബ്ദ മുയർത്തേണ്ട സമയമായി. പത്തു ശതമാനം സാമ്പത്തിക സംവരണമാണ് ഇപ്പോഴുള്ളത്. ഒരു ബ്രാഹ്മണ പാചകക്കാരന്‍റെ മകന് സംവരണം കിട്ടണമെങ്കിൽ അവൻ സാമ്പത്തികമായി പിന്നിലായിരിക്കണം. എന്നാൽ തടി വ്യവസായിയായ പിന്നാക്കക്കാരന്‍റെ മകന് ഉറപ്പായും സംവരണം കിട്ടും. ഇതേക്കുറിച്ച് താൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല. ബ്രാഹ്മണ സമുദായങ്ങൾ അഭിപ്രായങ്ങളുമായി മുന്നോട്ടു വരേണ്ട സമയമായി. നമ്മൊളൊരിക്കലും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടാൻ പാടില്ല, ഒറ്റയ്ക്കു നിൽക്കുകയല്ല ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്'' - പ്രസംഗത്തിനിടെ ചിദംബരേഷ് പറഞ്ഞു. 

''ബ്രാഹ്മണര്‍ക്ക് ജന്മനാ ചില പ്രത്യേകതകളുണ്ട്. വൃത്തിയുള്ള ശീലം, ഉയര്‍ന്ന ചിന്താശേഷി, മികച്ച സ്വാഭാവഗുണം, സസ്യാഹാരികള്‍, കര്‍ണാടക സംഗീതത്തെ ഇഷ്ടപ്പെടുന്നര്‍.. ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍. ഇങ്ങനെ എല്ലാ ഗുണങ്ങളും ഒന്നായി ചേര്‍ന്നവരാണ് ബ്രാഹ്മണര്‍. സംവരണം സമുദായത്തെയോ ജാതിയെയോ മാത്രം അടിസ്ഥാനപ്പെടുത്തിയാണോ നടപ്പിലാക്കേണ്ടതെന്ന് ആലോചിക്കാന്‍ സമയമായി. ഭരണഘടനാ പദവിയുള്ളതിനാല്‍ ഞാന്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളുടെ താത്പര്യങ്ങളെ ഉദ്ദീപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലെങ്കില്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു'' എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭരണഘടനാ പദവിയിലിരിക്കെ ഭരണഘടനയെ തള്ളിപ്പറയുന്നതാണ് ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസംഗമെന്ന വിമര്‍ശനവമുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി.

"

click me!