കെ അയ്യപ്പനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് കസ്റ്റംസ്, വീട്ടിലേക്ക് നോട്ടീസയച്ചു

By Web TeamFirst Published Jan 7, 2021, 11:28 AM IST
Highlights

കസ്റ്റംസിന് അയച്ച കത്ത് അന്വേഷണത്തെ തടസപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു

തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസയച്ചു. നേരത്തെ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് അയച്ചതെങ്കിൽ ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീക്കറുടെ സെക്രട്ടറിയെ ചോദ്യം ചെയ്യാൻ, സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നാണ് കസ്റ്റംസ് നിലപാട്. നിയമസഭാ സെക്രട്ടറിയുടെ കത്തിന്  കസ്റ്റംസ് കമ്മിഷണർ  മറുപടി നൽകും. കത്ത് ഇന്ന് തന്നെ കൈമാറും. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രം അനുമതി മതിയെന് കത്തിൽ വിശദീകരിക്കും.

അതേസമയം കസ്റ്റംസിന് അയച്ച കത്ത് അന്വേഷണത്തെ തടസപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. റൂൾസ് ഓഫ് ബിസിനസ് 165 ചട്ടത്തിൽ എംഎൽഎമാർക്ക് എന്ന് എടുത്ത് പറഞ്ഞിട്ടില്ല. ജീവനക്കാർക്കും നിയമപരിരക്ഷ ബാധകമാണ്. തനിക്കൊരു ഭയവുമില്ലെന്നും തനിക്കെതിരെ പല വാർത്തകളും വരുന്നുണ്ടെന്നും അതൊന്നും ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചട്ടം സൂചിപ്പിച്ചാണ് കത്തയച്ചതെന്ന് നിയമസഭാ സെക്രട്ടറി എസ്‌വി ഉണ്ണികൃഷ്ണൻ നായരും വ്യക്തമാക്കി.

click me!