പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.ഇ.എൻ; ആര്‍എംപി നേതാക്കൾ സംഘാടകരായ പരിപാടിയിൽ പങ്കെടുത്തു

By Web TeamFirst Published Sep 16, 2022, 9:28 AM IST
Highlights

ഒരു വ്യക്തിക്ക് മറവി രോഗം വന്നാൽ ഒപ്പമുള്ളവര്‍ക്ക് അദ്ദേഹത്തെ സംരക്ഷിക്കാനാവും എന്നാൽ ഒരു സമൂഹത്തിനാകെ മറവിരോഗം വന്നാലുള്ള അവസ്ഥ എന്തു ഭയാനകമായിരിക്കും - ചടങ്ങിൽ മുഖ്യപ്രഭാഷം നടത്തിയ കെഇഎൻ പറഞ്ഞു. 

കോഴിക്കോട്: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സഹയാത്രികൻ കെഇഎൻ കുഞ്ഞഹമ്മദ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ആര്‍എംപി നേതാക്കൾ മുഖ്യസംഘാടകരായ മാധവൻ മാസ്റ്റര്‍ അനുസ്മരണ പരിപാടിയിൽ ആണ് ആസാദ് ഇന്നലെ പങ്കെടുത്തത്. തേഞ്ഞിപ്പാലം മേഖലയിലെ ആദ്യകാല സിപിഎം നേതാവാണ് മാധവൻ മാസ്റ്റര്‍. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കെഇഎൻ   മറവി രോഗമായ അൽഷിമേഴ്സിനെക്കുറിച്ച് പറഞ്ഞതും അതിന് അനുബന്ധമായി നടത്തിയ ചില പ്രയോഗങ്ങളും വലിയ ചര്‍ച്ചയ്ക്ക് വഴി തുറക്കുകയാണ്. 

ഇന്നലെ വൈകിട്ടാണ് മലപ്പുറം തേഞ്ഞിപ്പാലത്തിന് അടുത്ത് ഒലിപ്രംകടവിൽ മാധവൻ മാസ്റ്റര്‍ അനുസ്മരണ ചടങ്ങ് നടന്നത്. സിപിഎമ്മിലെ നയവ്യതിയാനത്തിനെതിരെ പരസ്യമായി നിലപാട് എടുത്തയാളാണ് മാധവൻ മാസ്റ്റര്‍. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. മാധവൻ മാസ്റ്ററുടെ മകനായ ഡോ.ആസാദ് സിപിഎമ്മിനെ പൊതുവേദികളിൽ വിമര്‍ശിക്കുന്നയാളാണെന്നും ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരൻ, മാധവൻ മാസ്റ്ററുടെ മകളുടെ മകനാണെന്നും കൂടി ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കെഇഎനിനെ വിലക്കിയത്. 

എന്നാൽ ഈ വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുത്ത കെഇഎൻ ശ്രദ്ധേയമായ ചില പ്രയോഗങ്ങളും കൂടി നടത്തിയാണ് വേദി വിട്ടത്. മറവി രോഗമായ അൽഷിമേഴ്സിനെക്കുറിച്ച് വാചാലനായ കെഇഎൻ ഓ‍ര്‍മകളുണ്ടായിരിക്കണമെന്നും ഒരു വ്യക്തിക്ക് മറവി രോഗം വന്നാൽ ഒപ്പമുള്ളവര്‍ക്ക് അദ്ദേഹത്തെ സംരക്ഷിക്കാനാവുമെന്നും എന്നാൽ ഒരു സമൂഹത്തിനാകെ മറവിരോഗം വന്നാലുള്ള അവസ്ഥ എന്തു ഭയാനകമായിരിക്കുമെന്നും ചടങ്ങിൽ പറഞ്ഞു..

പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ തനിക്ക് മേൽ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന്  കെഇഎൻ പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പക്ഷേ മാധവൻ മാസ്റ്റര്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നുവെന്നും ദീര്‍ഘനാളത്തെ ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നുവെന്നും അതിനാലാണ് ചടങ്ങിൽ പങ്കെടുത്തതെന്നും കെഇഎൻ വിശദീകരിച്ചു. 

കെഇഎനിനെ കൂടാതെ പുരോഗമന കലാസാഹിത്യസംഘം നേതാവും സിപിഎം സഹയാത്രികനുമായ ഡോ.അനിൽ ചേലമ്പ്രയും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. ആര്‍എംപി പ്രവര്‍ത്തകരും സിപിഎം വിമര്‍ശകരുമായ വ്യക്തികൾ മുൻകൈയ്യെടുത്ത് നടത്തിയ പരിപാടിയിലാണ്   സിപിഎമ്മിൻ്റെ സാംസ്കാരിക മുഖമായ രണ്ട് പേര്‍ പങ്കെടുത്തത് എന്നതാണ് കൗതുകകരം. 

അതേസമയം പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും കെഇഎനിനെ പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റര്‍ പറഞ്ഞു. പരിപാടി നടന്നത് മലപ്പുറം ജില്ലയിലാണെന്നും അവിടെ നിന്നും ഇത്തരം നിര്‍ദേശം കൊടുത്തോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

click me!