Asianet News MalayalamAsianet News Malayalam

'സർക്കാറിന്‍റെ കുടുംബ വണ്ടി'; മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആർ മോഹന്‍റെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയുടെ കോളേജ് യാത്ര!

സർക്കാറിന്‍റെ കുടുംബ വണ്ടി; മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആർ മോഹന്‍റെ ഔദ്യോഗിക വാഹനത്തിൽ ഭാര്യയുടെ കോളേജ് യാത്ര!  

cm pinarayi vijayan osd mohan's wife poornima mohan misusing government official car for her personal purpose
Author
First Published Sep 16, 2022, 7:48 AM IST

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹന്‍റെ ഭാര്യക്ക്  യാത്രചെയ്യാൻ സെക്രട്ടറിയേറ്റിൽ നിന്നും വാഹനം. സർവകലാശാല അധ്യാപികയായ ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആർ മോഹന് സർക്കാർ അനുവദിച്ച വാഹനത്തിലാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

2018 നവംബർ  28 ന് നിയമസഭയിൽ അന്നത്തെ നാട്ടിക എംഎൽഎയാണ് സർക്കാർ വാഹനങ്ങളിൽ വീട്ടിൽ പോയി വരാൻ അനുവദിച്ചിട്ടുള്ളത് എതെല്ലാം തസ്തികയിലെ ഉദ്യോഗസ്ഥരെയാണെന്ന് ചോദിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിമാർ മുതൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ വരെ പന്ത്രണ്ട് ഇനം തിരിച്ച് മുഖ്യമന്ത്രി അന്ന് മറുപടിയും നൽകി. വാഹനങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുമെന്നും പിണറായി മറുപടിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വീട്ടുകാർക്ക് വേണ്ടി ട്രിപ്പ് അടിക്കൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ തുടങ്ങുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലെ കണ്ടെത്തൽ. 

ഇന്ത്യൻ റവന്യു സർവീസിൽ നിന്നും സ്വയം വിരമിച്ച ശേഷം ഒന്നാം പിണറായി മന്ത്രിസഭ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ആർ മോഹൻ. ആദ്യ എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രണ്ടാം ടേമിൽ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലേക്ക് നിയമനം ലഭിച്ചു. ഭാര്യ ഡോ.പൂർണ്ണിമ മോഹൻ കാലടി സർവകലാശാലയുടെ വഞ്ചിയൂരുള്ള സെന്‍ററിൽ പ്രൊഫസറാണ്. സർവകലാശാല അധ്യാപികമാർക്ക് സർക്കാർ വാഹനമില്ല. എന്നാൽ ഡോ.പൂർണ്ണിമാ മോഹനെ കോളേജിലെത്തിക്കാനും തിരികെ കൊണ്ടു പോകാനും KL01 BF 4444 സ്റ്റേറ്റ് കാർ എത്തും. ആരുടെതാണ് ഈ കാർ എന്ന് വാഹനങ്ങൾ അനുവദിക്കുന്ന ടൂറിസം വകുപ്പിൽ അന്വേഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. 
ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആർ മോഹന് സർക്കാർ അനുവദിച്ച വാഹനത്തിലാണ്. 

ഒരു ദിവസത്തെ കാര്യമല്ല. എല്ലാം ദിവസവുംരാവിലെ കോളേജിലേക്കും വൈകിട്ട് നാല് മണിക്ക് കോളേജിൽ നിന്നും നേരെ പത്ത് കിലോമീറ്റർ അപ്പുറം നെട്ടയത്തുള്ള വീട്ടിലേക്കും പോക്ക് വരവ് സർക്കാർ വാഹനത്തിലാണ്. അധ്യാപികയെ വീട്ടിൽ ഇറക്കിയ ശേഷം തിരികെ വണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തും.

സംസ്കൃതം അധ്യാപികയായ പൂർണിമാ മോഹനെ കേരള സർവകലാശാലയുടെ മലയാളം നിഘണ്ടു വിഭാഗത്തിന്‍റെ തലപ്പത്ത് ചട്ടംലംഘിച്ച് കൊണ്ടുവന്നത് നേരത്തെ വിവാദമായിരുന്നു. ഗവർണറുടെ അടുക്കൽ പരാതി എത്തിയപ്പോൾ ഡോ. പൂർണ്ണിമ രാജിവച്ചു. അതിന് ശേഷമാണ് കാലടി സർവകലാശാലയുടെ തിരുവനന്തപുരത്തെ സെന്‍ററിലേക്ക് എത്തുന്നത്. രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സർവകലാശാല അധ്യാപികയാണ് അനർഹമായി സർക്കാർ വണ്ടി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒഎസ്ഡിക്ക് സർക്കാർ വണ്ടി കുടുംബ വണ്ടിയാക്കാൻ പ്രത്യേക പരിഗണയുണ്ടോ? ഇത്രകാലം എത്രകിലോമീറ്ററിന് എത്ര പണം സർക്കാരിൽ അടച്ചുവെന്ന് സർക്കാർ വ്യക്തമാക്കുമോ? സ്വന്തം ഓഫീസിലെ ഉന്നതന്‍റെ അധികാര ദുർവിനിയോഗത്തിൽ മുഖ്യമന്ത്രി നടപടിയെടുക്കുമോ ? ഇതെല്ലാമാണ് ഇനി കാണേണ്ടത്. 

 

 

 

Follow Us:
Download App:
  • android
  • ios