KFON : വിമർശനങ്ങൾക്ക് മറുപടി; മെയ് മാസത്തോടെ സൗജന്യ കെ ഫോൺ കണക്ഷൻ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jan 19, 2022, 5:19 AM IST
Highlights

പഴയ പോസ്റ്റുകൾ ഷെയർ ചെയ്തുള്ള പ്രചാരണങ്ങളെ തുടർന്നാണ്, പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പുതിയ പോസ്റ്റിട്ടത്. പ്രളയവും കോവിഡും പ്രതികൂലമായെന്നാണ് പോസ്റ്റിൽ പറയുന്നത്. പ്രതികൂല സഹചര്യങ്ങളെ മറികടന്ന് കെ ഫോൺ ലക്ഷ്യത്തിലേക്ക് അടുക്കുന്നു

തിരുവനന്തപുരം: ഇഴഞ്ഞുനീങ്ങുന്ന കെ ഫോൺ (k fon)പദ്ധതിയിൽ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റുകൾ കുത്തിപൊക്കിയുള്ള വിമർശനങ്ങൾക്കിടെ, പുതിയ പ്രഖ്യാപനവുമായി പിണറായി വിജയൻ(pinarayi vijayan). മെയ് ഓടെ മുഴുവൻ മണ്ഡലങ്ങളിലും 100 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കെ ഫോൺ കണക്ഷൻ ഉറപ്പാക്കും എന്നാണ് പുതിയ പ്രഖ്യാപനം. പദ്ധതി വൈകുന്നതിലെ വിശദീകരണം അടക്കം ചേർത്താണ്, വിമർശനങ്ങൾക്കുള്ള മറുപടി പോസ്റ്റ്.

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ. 2021ഓടെ സ്വപ്‍ന പദ്ധതിയുടെ പൂർത്തീകരണം. 2019 ൽ കരാർ ഒപ്പിട്ടപ്പോൾ നൽകിയ ഉറപ്പുകൾക്ക് എന്ത് പറ്റിയെന്ന വിമർശങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ കെ- ഫോൺ പോസ്റ്റുകൾ വ്യാപകമായി കുത്തിപ്പൊക്കിയത്‌. കൊട്ടിഘോഷിച് പ്രഖ്യാപിച്ച കെ ഫോണിന്റെ അതേ ഗതിയാകുമോ സിൽവർ ലൈനിനും എന്നായിരുന്നു വിമർശകരുടെ ചോദ്യം.

പഴയ പോസ്റ്റുകൾ ഷെയർ ചെയ്തുള്ള പ്രചാരണങ്ങളെ തുടർന്നാണ്, പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പുതിയ പോസ്റ്റിട്ടത്. പ്രളയവും കോവിഡും പ്രതികൂലമായെന്നാണ് പോസ്റ്റിൽ പറയുന്നത്. പ്രതികൂല സഹചര്യങ്ങളെ മറികടന്ന് കെ ഫോൺ ലക്ഷ്യത്തിലേക്ക് അടുക്കുന്നു.

2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. നെറ്റവർക്ക് ഓപറേറ്റിംഗ് സെന്ററിന്റെ പണികൾ തീർന്നു. എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021 ഡിസംബർ 31ഓടെ പ്രവർത്തനസജ്ജമായി.ബാക്കിയുള്ളവ ജൂണിൽ പൂർത്തിയാകും. പറഞ്ഞത് പ്രവർത്തികമാക്കുകയാണ് കഴിഞ്ഞ ആറ് വർഷത്തെ കേരളത്തിന്റെ അനുഭവം എന്ന വാചകത്തോടെയാണ് മറുപടി പോസ്റ്റ് അവസാനിക്കുന്നത്. അപ്പോഴും നേരത്തെ പ്രഖ്യാപിച്ചത് പോലെ പദ്ധതി പൂർത്തിയക്കാനായില്ലെന്നു മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്.

സിൽവർ ലൈൻ സജീവ ചർച്ചയാകുമ്പോൾ , സർക്കാരിന്റെ പഴയ പ്രഖ്യാപനങ്ങൾ കുത്തി പൊക്കിയുള്ള വിമർശനങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്. നേരത്തെ ഉൾനാടൻ ജലപാത പദ്ധതിയെ പറ്റിയുള്ള പോസ്റ്റുകളും വ്യാപകമായി ചർച്ചയായിരുന്നു.

tags
click me!