സത്യപ്രതിജ്ഞയ്ക്ക് ടിപിയുടെ ബാഡ്ജ്; ജനതാദൾ എസ്സിൻ്റെ പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെകെ രമ

By Web TeamFirst Published May 28, 2021, 8:56 AM IST
Highlights

ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ കെകെ രമയുടെ സത്യപ്രതിജ്ഞ. സംഭവം ചർച്ചയായതിന് പിന്നാലെ ജനതാദൾ എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ടിപി പ്രേംകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിന് എതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെകെ രമ. എകെജി സെന്ററിൽ നിന്നുള്ള നിർദേശ പ്രകാരം കൊടുത്ത പരാതി ആയേക്കാം. സ്പീക്കർ പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്നും രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ കെകെ രമയുടെ സത്യപ്രതിജ്ഞ. സംഭവം ചർച്ചയായതിന് പിന്നാലെ ജനതാദൾ എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ടിപി പ്രേംകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. പരാതി ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണെന്ന് കെ.കെ രമ പറ‌ഞ്ഞു. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട നിയമസഭയിലെ കയ്യാങ്കളി സഭാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ എന്നും രമ ചോദിച്ചു.

സ്പീക്കറുടെ ഓഫീസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ദേവികുളം എം എൽ എ, എ രാജ യുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രണ്ടും പരിശോധിച്ച ശേഷം റൂളിംഗ് നൽകാനാണ് സാധ്യത. രമയ്ക്കെതിരെ സ്പീക്കറുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായാൽ വിവാദം കൂടുതൽ ചൂട് പിടിച്ചേക്കും.

click me!