
തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ എംഎൽഎ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമ സഭാ സംഘർഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. തന്നെ ചികിൽസിച്ചത് ജനറൽ ആശുപത്രിയിൽ ആണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രംഗത്തെത്തി.
കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകൾ...
'' അദ്ദേഹത്തിന് എന്നോട് നേരിട്ട ചോദിക്കാമായിരുന്നു. പകരം അവാസ്ഥവമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. എംഎൽഎയെ പോലൊരു ആൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ആദ്യം പ്ലാസ്റ്ററിട്ടു, പിന്നെ 10 മിനിറ്റിനകം പ്ലാസ്റ്റർ മാറ്റി സ്ലിങ് ഇട്ടു. കൈ ചൂണ്ടി സംസാരിക്കുന്നു എന്നിങ്ങനെയാണ് ആരോപണം. വീഡിയോ കണ്ടാൽ ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നത്. ഭരണപ്രതിപക്ഷ എംഎൽഎമാർ ഉള്ളിടത്ത് ഒരു വ്യക്തിയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഉണ്ടായത്. നിയമസഭയിലെ ഡോക്ടറാണ് പരിശോധിക്കുന്നത്. ബിപി കൂടുതലായിരുന്നു. കൈക്ക് നീരുണ്ടെന്ന് പറഞ്ഞ് നിയമഭയിലെ ഡോക്ടറാണ് കൈക്ക് സ്ലിങ് ഇട്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ജനറൽ ആശുപത്രിയിലേക്ക് പോയത്. നിയമസഭയിലെ ക്ലിനിക്കിലെ ജീവനക്കാരൻ കൂടി കൂടെ വന്നു. ഡോക്ടർ എക്സറെ എടുക്കാൻ ആവശ്യപ്പെട്ടു. അത് എടുത്തതിന് ശേഷം ഓർത്തോ ഡോക്ടറെ കണ്ടു. ഞാൻ എക്സറെ എടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഒറ്റയ്ക്കല്ല, നഴ്സ്മാർ അടക്കം നിരവധി പേരുണ്ട്. ഡോക്ടറാണ് പ്ലാസ്റ്ററിടാൻ പറഞ്ഞത്. ബാഗ് പോരെ എന്ന് ഞാൻ ചോദിച്ചെങ്കിലും നീരുണ്ടെന്ന് പറയുകയും പിടിച്ചപ്പോൾ എനിക്ക് വേദന എടുക്കുകയും ചെയ്തു. ഇതോടെയാണ് ഡോക്ടർ പ്ലാസ്റ്റർ വേണമെന്ന് നിർബന്ധിച്ചത്. എക്സറേ എടുത്തിട്ട് അതിൽ പൊട്ടുണ്ടോ എന്ന് നോക്കാൻ നമുക്ക് അറിയില്ല. ഡോക്ടർക്കാണ് അറിയുന്നത്. അവർ ആണ് പറഞ്ഞത് പ്ലാസ്റ്ററിട്ടത്. എല്ലാ നടപടിക്രമങ്ങളും ഡോക്ടറുടെ നിർദ്ദേശപ്രകാരണാണ് നടന്നത്. വ്യാജ വാർത്ത ആണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?''
Read More : ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam