അര്‍ജുന്‍ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ആയത് എങ്ങനെ? യുവാക്കളെ സ്വര്‍ണ്ണക്കടത്തിന് സിപിഎം ഉപയോഗിക്കുന്നെന്ന് രമ

By Web TeamFirst Published Jun 28, 2021, 8:58 PM IST
Highlights

'സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട അര്‍ജുനെ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ആക്കിയത് എങ്ങനെയെന്ന് രമ ചോദിക്കുന്നു.  ഇത്തരത്തിലുള്ള ആളുകള്‍ നേതൃസ്ഥാനത്തേക്ക് എത്തുന്നത് എങ്ങനെയെന്നതിന് സിപിഎം ഉത്തരം പറയണം'. 

തിരുവനന്തപുരം: യുവാക്കളെ സിപിഎം സ്വര്‍ണ്ണക്കടത്തിന് ഉപയോഗിക്കുന്നെന്ന് വടകര എംഎല്‍എ രമ. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് രമയുടെ പരാമര്‍ശം. കൃത്യമായ പരിശീലനം നല്‍കി പാര്‍ട്ടി  തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയര്‍മാര്‍ ആക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട അര്‍ജുനെ റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ആക്കിയത് എങ്ങനെയാണ്.  ഇത്തരത്തിലുള്ള ആളുകള്‍ നേതൃസ്ഥാനത്തേക്ക് എത്തുന്നതിന് സിപിഎം ഉത്തരം പറയണം. ചെറുപ്പക്കാര്‍ ക്രിമിനല്‍ സംഘത്തിന്‍റെ ഭാഗമാകുന്നു. ഇത് നിസാരമായി കാണാനാവില്ലെന്നും രമ പറഞ്ഞു. 

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ അർജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അർജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ അർജുന്‍ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 

സ്വർണ്ണക്കടത്തിലെ കാരിയറായ ഷെഫീഖിൻ്റെ മൊഴിയാണ് അർജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!