Asianet News Impact: നിയമന ശുപാർശ കിട്ടിയ അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാമെന്ന് സർക്കാർ

By Web TeamFirst Published Jun 28, 2021, 7:57 PM IST
Highlights

സർക്കാരിൽ നിന്നും നിയമന ശുപാർശ കിട്ടിയിട്ടും ജോലി ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം ഏഷ്യാനെറ് ന്യൂസ്‌ നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം.  സ്കൂളുകൾ തുറന്ന ശേഷം മാത്രം നിയമനമെന്ന മുൻ നിലപാട് തിരുത്തിയാണ് 7000 ത്തിലധികം അധ്യാപർക്ക് നിയമനം കിട്ടുന്നക്.  രൂക്ഷമായ അധ്യാപകക്ഷാമവും, നിയമനം ലഭിച്ചവർക്ക് ജോലിയില്ലാത്തതും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.

അധ്യാപകരേയില്ലാത്ത സ്കൂളുകൾ, ഒറ്റയധ്യാപകർ മാത്രമുള്ള സ്കൂളുകൾ, പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകൾ, ക്ലാസുകൾ ഓൺലൈനായി അതത് സ്കൂളുകളിൽ നിന്ന് തന്നെ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ പഠിപ്പിക്കാൻ ആളില്ലാത്ത സ്കൂളുകൾ... നിയമന ഉത്തരവ് കയ്യിൽക്കിട്ടി വർഷമൊന്ന് കഴിഞ്ഞിട്ടും ജോലിയിൽ കയറാനാകാത്ത അധ്യാപകരുടേതായി ഇ ക്ലാസിൽ ഹാജരുണ്ടോ പരമ്പര തേടിക്കണ്ടു പിടിച്ച ജീവിതങ്ങൾ സർക്കാരിന്റെ മുൻനിലപാടിനെ തിരുത്തി.  

സ്കൂളുകൾ തുറന്ന ശേഷം മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂവെന്ന നിയമസഭയിലടക്കം മുഖ്യമന്ത്രി വ്യക്തമാക്കിയ തീരുമാനം മാറ്റിയാണ് ഇവരെ ജോലിയിൽ പ്രവേശിപ്പിക്കുന്നത്.   മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.  എയ്ഡഡ് സ്കൂളുകളിൽ 4000 അധ്യാപകർക്കും, സർക്കാർ സ്കൂളുകളിൽ 3216 അധ്യാപകർക്കും ജോലിയിൽ പ്രവേശിക്കാനാകും.  

സർക്കാർ മേഖലയിൽ 2513 പേർ നിയമന ഉത്തരവും 788 പേർ നിയമന ശുപാർശയും ലഭിച്ചവരാണ്. നിയമന ഉത്തരവ് ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം.   ഡിജിറ്റൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകാൻ അധ്യാകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.

click me!