
'കൊല്ലാനേ കഴിഞ്ഞുള്ളൂ, തോല്‍പ്പിക്കാനായില്ല' എന്നാണ് 51 വെട്ടേറ്റ് ക്രൂരമായി കൊല്ലപ്പെട്ട ടിപിയുടെ ചേതനയറ്റ ശരീരത്തിന് മുൻപിലിരുന്ന് അന്ന് കെ കെ രമ പറഞ്ഞത്. അതു നടന്നത് 2012 മേയ് 4നാണ്. മറ്റൊരു മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ നെഞ്ചിലെ അണയാത്ത കനലുമായി കെ കെ രമ കുറിച്ചത് 'കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊള്ളുന്ന വെയിലത്ത് നഗ്നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരന് കഴിഞ്ഞു' എന്നാണ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടങ്ങളില്‍ പിണറായി വിജയന്‍ ധര്‍മടത്ത് പിന്നിലായപ്പോഴായിരുന്നു ഈ കുറിപ്പ്. പാർട്ടിക്കോട്ടയായ കണ്ണൂരിൽ അടക്കം അണികൾ സിപിഎമ്മിനെ തിരുത്തി എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വ്യക്തമാകുന്നത്.
കുലംകുത്തിയെന്ന് ടി പി ചന്ദ്രശേഖരനെ വിളിച്ച പിണറായി വിജയനെതിരായ സമരം കൂടിയാണ് കെ കെ രമയുടെ ഇന്നത്തെ രാഷ്ട്രീയ ജീവിതം. ടി പി ചന്ദ്രശേഖരന്‍റെ അമ്പത്തൊന്ന് വെട്ടിന് കേരളം മധുര പ്രതികാരം ചെയ്തുവെന്നാണ് രണ്ടാമതും വടകരയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം കെ കെ രമ പ്രതികരിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് രമ കേരള നിയമസഭയിൽ തുടർച്ച നേടിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള മണ്ണ് ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷം അടിമുടി മാറുകയായിരുന്നു. 2021-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കെ കെ രമ 7,491 വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തവണ 70,117 വോട്ടുകൾ നേടി 14862 വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ടർമാർ രമയ്ക്ക് നൽകിയത്. ഇടതുകോട്ട തിരിച്ചു പിടിക്കാനിറങ്ങിയ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്കരന് 55,255 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപി സ്ഥാനാർത്ഥി അഡ്വ. കെ. ദിലീപ് 14,295 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
വടകരയുടെ വികസനത്തിനൊപ്പം അക്രമരഹിത രാഷ്ട്രീയമെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് കെ കെ രമ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ ജനാധിപത്യത്തിന്റെ വിജയമാണെന്നും ടിപിയുടെ ഘാതകര്‍ക്കുള്ള ശിക്ഷയാണെന്നും കെ കെ രമ പറഞ്ഞു.മെയ് നാല് എന്നത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ടിപി ചന്ദ്രശേഖരനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രമാണെന്നും അദ്ദേഹം സന്തോഷിക്കുന്നുണ്ടാവുമെന്നു രമ പ്രതികരിച്ചു.
കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരന്റെ വധം. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ, നേതൃത്വവുമായി കലഹിച്ചാണ് 2009ൽ സിപിഎം വിട്ടത്. റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. തുടർന്ന് ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഎമ്മിന് നഷ്ടപ്പെട്ടു. ടിപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് 23,000 ത്തോളം വോട്ടു നേടുകയും ചെയ്തു. പിന്നാലെ 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊലക്കത്തിക്ക് ഇരയായത്. ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽ വച്ച് ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് സിപിഎം നേതാക്കൾ ഉൾപ്പെടെ 12 പ്രതികൾ ശിക്ഷിക്കപ്പെട്ടു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും, ആർഎംപി സ്ഥാനാർത്ഥിയായി കെ കെ രമ മത്സരത്തിനിറങ്ങിയപ്പോൾ ജനവിധി രണ്ടു തവണയും അവർക്കൊപ്പമാണ്.
സിപിഎമ്മിനോട് കലഹിച്ച് പുറത്തിറങ്ങി മത്സരിച്ച വിമതരെ ജനങ്ങൾ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കുന്നതും ഈ തെരഞ്ഞെടുപ്പിൽ കണ്ടു. പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതര്‍ക്ക് ജയം. പാർട്ടിയെ തിരുത്താൻ വന്നവരെ കൈകാര്യം ചെയ്ത് ശീലമുള്ള സിപിഎമ്മിനെ ഇത്തവണ വിമതർ ശരിക്കും തിരുത്തി.അതിൽ ഏറ്റവും പ്രധാനം പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്റെ ജയമാണ്. രക്തസാക്ഷി ഫണ്ട് വെട്ടിച്ചു എന്ന് ആരോപിച്ച് എംഎൽഎയ്ക്കെതിരെ രംഗത്തുവന്ന കുഞ്ഞികൃഷ്ണനെ വിരട്ടിയും അപമാനിച്ചും ആക്ഷേപിച്ചും ഇല്ലാതാമെന്ന് കരുതിയ സിപിഎമ്മിന് തെറ്റി. ആരോപണ വിധേയനായ എംഎൽഎയെ വീണ്ടും സ്ഥാനാർത്ഥിയാക്കി ഒരിഞ്ച് പിന്നോട്ടില്ല എന്ന ധാർഷ്ട്യം പ്രകടിപ്പിച്ച പാർട്ടിയെ തിരുത്തി ജനങ്ങൾ കുഞ്ഞികൃഷ്ണനെ സഭയിലേക്ക് അയച്ചു.
തളിപ്പറമ്പിൽ എ വി ഗോവിന്ദൻ ഒഴിഞ്ഞ സീറ്റ് ഭാര്യ പി കെ ശ്യാമളയ്ക്ക് നൽകിയതിനെതിരെ പടയൊരുക്കം നടത്തി പുറത്തുവന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദനെയും ജനങ്ങൾ എംഎൽഎയാക്കി. ഗോവിന്ദൻ - പിണറായി അച്ചുതണ്ടിന് എതിരായ സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരം കൂടിയാണ് അതെന്ന് വേണം കരുതാൻ. അമ്പലപ്പുഴയിലെ ജി സുധാകരന്റെ വിജയവും ജനകീയ നേതാക്കളെ വെട്ടിനിരത്താറുള്ള സിപിഎം ശൈലിക്കെതിരായ മുന്നറിയിപ്പാണ്. അഴിമതിക്കും സ്വന്തം കാര്യത്തിനും പാർട്ടിയെ ദുരുപയോഗം ചെയ്യുന്ന നേതാക്കളുടെ സ്വീകാര്യതയാണ് സുധാകരൻ ചോദ്യം ചെയ്തത്. ടിപിയുടെ ഓർമദനത്തിലാണ് ഈ ഫലങ്ങൾ പുറത്തുവന്നത് എന്നത് കാലത്തിന്‍റെ കാവ്യനീതിയാകാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam