വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ: പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ ശ്രമമെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Nov 17, 2019, 9:24 PM IST
Highlights

വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിനിടെ ഇത്തരമൊരു ട്രോമാകെയർ പദ്ധതി പ്രഖ്യാപിച്ചതും ആദ്യഘട്ടം നടപ്പാക്കിയതുതന്നെയും അതിസാഹസികമായാണെന്നും മന്ത്രി
 

കണ്ണൂര്‍: സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായ സൗജന്യ ചികിത്സാ പദ്ധതി ഉടൻ നടപ്പാക്കാനുള്ള എല്ലാ സാധ്യതയും നോക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സൗജന്യ ചികിത്സാ പദ്ധതി രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് തയ്യാറാക്കി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമാണ്. പണത്തിന് സോഴ്സ് കണ്ടെത്താൻ സമയമെടുക്കും. ഫയൽ ധനവകുപ്പില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിനിടെ ഇത്തരമൊരു ട്രോമാകെയർ പദ്ധതി പ്രഖ്യാപിച്ചതും ആദ്യഘട്ടം നടപ്പാക്കിയതുതന്നെയും അതിസാഹസികമായാണ്. 

കേന്ദ്രത്തിൽ നിന്ന് വളരെ ചെറിയ വിഹിതമാണ് കിട്ടുന്നത്. ഗൗരവമായിട്ട് തന്നെയാണ് റോഡ് അപകട മരണങ്ങളെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. 2017 നവംബര്‍ ഒന്നിനാണ് അപകടത്തില്‍പെടുന്നവരുടെ ആദ്യ 48 മണിക്കൂര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. കൃത്യമായ ചികിത്സ കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി മുരുകന്‍റെ മരണശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.  ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചു തുടങ്ങാനിരുന്ന പദ്ധതി പിന്നീട് റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാൻ നോക്കിയെങ്കിലും സാമ്പത്തിക സ്ഥിതി തിരിച്ചടിയായതോടെ പദ്ധതി നടപ്പായില്ല.

click me!