രാജമല ദുരന്തം: പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും; പോസ്റ്റ്‍മോർട്ടം നടപടികൾ വേഗത്തിലാക്കും: ശൈലജ

By Web TeamFirst Published Aug 7, 2020, 7:18 PM IST
Highlights

പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പി പി ഇ കിറ്റ് അടക്കമുള്ള കൊവിഡ് സുരക്ഷാ സന്നാഹങ്ങൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിൽ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. മൃതദേഹങ്ങൾ വൈകിപ്പിക്കാതെ വിട്ടുകൊടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശിച്ചു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പി പി ഇ കിറ്റ് അടക്കമുള്ള കൊവിഡ് സുരക്ഷാ സന്നാഹങ്ങൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

മൂന്നാര്‍ രാജമലയിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 17 ആയി. 78 പേരാണ് രാജമലയില്‍ അപകടത്തില്‍പ്പെട്ടത്. ഇതില്‍ , 15 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്‍റ്റര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഹെലികോപ്റ്ററിന് പറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നെന്നും  അടിയന്തര സഹായങ്ങള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. 

പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിതർക്കൊപ്പമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.ഇനിയും 50 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

ഗാന്ധിരാജ് (48), .ശിവകാമി (38),.വിശാൽ (12),  രാമലക്ഷ്മി (40), .മുരുകൻ (46), മയിൽ സ്വാമി (48),  കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43 ), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിതീഷ് (25), പനീര്‍ശെല്‍വം (5), ​ഗണേശന്‍(40)  എന്നിവരാണ് രാജമല ദുരന്തത്തില്‍ മരിച്ചത്. അപകട സ്ഥലത്ത് നാല് ലയങ്ങളിലായി 36 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.

click me!