'ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല', ഈ ദിനം മറക്കില്ലെന്ന് കെ കെ ശൈലജ

By Web TeamFirst Published May 21, 2021, 9:44 AM IST
Highlights

''കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ...''

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ സ്മരിച്ച് മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. ലിനിയുടെ ഓർമ്മകൾക്ക് മരണമില്ലെന്ന് എംഎൽഎകൂടിയായ ശൈലജ ഫേസബുക്കിൽ കുറിച്ചു. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ - ശൈലജ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ്

ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ...
 

click me!