
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യവ്യവസ്ഥ അനുസരിച്ച് കോടതിയിൽ നൽകിയ പാസ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേട്ടു. ജൂലൈ 31 ന് ഉത്തരവ് പുറപ്പെടുവിക്കും.
നിലവിലെ പാസ്പോർട്ടിൻ്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. ചില ഔദ്യോഗിക യാത്രകൾ ഉള്ളതിനാൽ പാസ്പോർട്ട് പുതുക്കി ശേഷം യാത്രക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീറാം കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ പ്രതിയുടെ ഇത്തരം ആവശ്യം അനുവദിച്ചാൽ അത് വിചാരണയെ ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് ഈ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിൻ്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.