
കണ്ണൂര്‍: വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. ബന്ധുവിന്‍റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്ന് ഷാജി പറഞ്ഞതായി വിജിലൻസ് പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്.
ഷാജിയുടെ വീടുകളില്‍ രാവിലെ എഴ് മണിയോടെയാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പരിശോധന തുടങ്ങിയത്. വിജിലന്‍സ് സംഘം കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടിലെത്തുമ്പോള്‍ ഷാജിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. 2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി കോഴിക്കോട് സ്വദേശിയും സിപിഎം നേതാവുമായ എംആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ ഇന്നലെയായിരുന്നു വിജിലന്‍സ് കേസ് എടുത്തത്.
നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ തന്‍റെ ആകെ ചെലവ് 87.5 ലക്ഷം രൂപയെന്നാണ് ഷാജി സമര്‍പ്പിച്ച വിവിധ സത്യവാങ്ങ്മൂലങ്ങളില്‍ പറയുന്നതെങ്കിലും രണ്ട് കോടിയിലേറെ രൂപ ഷാജി ചെലവിട്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഈ കാലയളവിലെ വരവു ചെലവുകളുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും വിജിലന്‍സ് പരിശോധിച്ചത്. രണ്ടിടത്തെയും വീടുകള്‍ ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണ്. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു കോഴ്സ് അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam