
ആലപ്പുഴ: ഭാരതാംബ ചിത്ര വിവാദത്തിൽ എസ്എഫ്ഐയുടെ സമരം വരെ എത്തിനിൽക്കുന്ന സംഭവങ്ങൾ സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം മറച്ചുവെക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന കുറ്റപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഭാരതാംബയുടെ ചിത്രം ഗവർണറുടെ പരിപാടിയിൽ വച്ചത് തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, റജിസ്ട്രാറുടെ സസ്പെൻഷൻ ശരിയായ നടപടിയല്ലെന്നും ഇപ്പോഴത്തെ സമരങ്ങളും തെറ്റാണെന്നും കുറ്റപ്പെടുത്തി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ് സിൻഡിക്കേറ്റ് അംഗം വോട്ട് ചെയ്തു. കെഎസ്‌യു നടത്തുന്ന സമരങ്ങളിൽ പോലീസ് നടപടി മറ്റൊരു രീതിയിലാണ്. സർവകലാശാലകളിലെ കാവിവത്കരണത്തെ കോൺഗ്രസ് എതിർക്കും. സർവകലാശാലകളിലെ പ്രശ്നങ്ങൾ പരിഹരിക്കണം. അതിൻ്റെ പേരിൽ ചുവപ്പുവത്കരണം പാടില്ല.
ശശി തരൂർ മോദി സ്തുതിയും പിണറായി സ്തുതിയും നടത്തുന്നുണ്ടെന്ന് പറഞ്ഞ മുരളീധരൻ, സ്വന്തം പാർട്ടിക്കാരെ മാത്രമാണ് അദ്ദേഹം സ്തുതിക്കാത്തതെന്നും കുറ്റപ്പെടുത്തി. ശശി തരൂർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം. കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശശി തരൂർ മനസ്സിലാക്കണം. മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടിയാണ് ശശി തരൂർ തിരുവനന്തപുരത്ത് വിജയിച്ചത്. പാരമ്പര്യമായി കോൺഗ്രസിന്റെ മണ്ഡലമാണത്. തരൂരിന്റെ ഇതുവരെയുള്ള നിലപാടുകൾ തിരുത്തണം. തരൂർ മാത്രമല്ല കോൺഗ്രസുകാർ ആര് നിന്നാലും തിരുവനന്തപുരത്ത് ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.