
മലപ്പുറം: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറയുമെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്ന് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. ഇത്തരമൊന്ന് പ്രതീക്ഷിക്കാനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നാട്ടിൽ നിന്ന് ഒരാളെ പോലും ഓടിക്കാൻ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അച്ചനപ്പൂപ്പൻമാർക്ക് വരെ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭജിച്ച് ഭരിക്കുക എന്ന നയം നടപ്പാക്കിയ ഡൽഹൗസി പ്രഭു മരിച്ചിട്ട് വർഷങ്ങളായിട്ടും അദ്ദേഹത്തിന്റെ പ്രേതം ഇവിടെ തന്നെയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. അതിപ്പോൾ ഒരു മുൻ പൊലീസുദ്യോഗസ്ഥന്റെ മേലാണ് പ്രവേശിച്ചിരിക്കുന്നതെന്നും മുൻ ഡിജിപി ടിപി സെൻകുമാറിന്റെ പേര് പരാമർശിക്കാതെ അദ്ദേഹം പരിഹസിച്ചു.
കേരള ഗവർണർക്കും സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനങ്ങളാണ് കെ മുരളീധരൻ ഉന്നയിച്ചത്. " കേന്ദ്രത്തിന്റെ നയം മെഷിനറിയായി നടപ്പാക്കുകയാണ് കേരള ഗവർണർ. ഒരു ഗവർണർ എന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണ്ടത് ഗവർണറാണ്. ബില്ല് ഒപ്പ് വെക്കാൻ ഗവർണർ ബാധ്യസ്ഥനാണ്, ഭരണഘടനയ്ക്ക് അനുകൂലമാണെങ്കിൽ ഒപ്പിട്ടേ മതിയാകൂ," എന്നും അദ്ദേഹം പറഞ്ഞു.
"സർക്കാരിന് സുപ്രീം കോടതിയിൽ പോകാൻ അവകാശമില്ലെന്ന് ഗവർണറോട് ആരു പറഞ്ഞു? ഗവർണറുടെ അനുമതി ആവശ്യമില്ല. ഗവർണറോട് കോടതിയിൽ പോകൽ ഞങ്ങളുടെ അവകാശമാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് കഴിയുന്നില്ല? എന്തിനാണ് ഗവർണറെ ഭയക്കുന്നത്? താനാണ് എല്ലാം തികഞ്ഞവനെന്ന് ഗവർണർ പറഞ്ഞാൽ, നിങ്ങൾ റബ്ബർ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടാവണം. മുഖ്യമന്ത്രി മൈതാന പ്രസംഗത്തിൽ മാത്രം ധൈര്യം കാണിച്ചാൽ പോര," എന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ ആരുമായും സഹകരിക്കും. പക്ഷേ നോട്ടം വോട്ട് ബാങ്ക് ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam