
തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എംപി. കെപിസിസി പുനസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെങ്കിൽ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് തുറന്ന് പറഞ്ഞ് കെ മുരളീധരൻ. പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ലെന്ന് 101 ശതമാനം ഉറപ്പാണെന്നും കെ മുരളീധരൻ ആഞ്ഞടിച്ചു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പിലാണ് കെ മുരളീധരന്‍റെ തുറന്ന് പറച്ചിൽ.
കെപിസിസി ലിസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് കെ മുരളീധരന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇറക്കിയതിൽ വച്ച് ഭേദപ്പെട്ട ലിസ്റ്റാണ് ഇപ്പോഴുത്തേത്. എല്ലാവര്‍ക്കും കെപിസിസി മതി. ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായി. ഇനി ബൂത്തിൽ ആളുണ്ടാവുമോ എന്നറിയില്ല. വൈസ് പ്രസിഡന്‍റ് എന്നാൽ പ്രസിഡന്‍റിന്‍റെ അഭാവത്തിൽ പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ആളാണ്. അതിനാണ് 12 പേരെന്നും കെ മുരളീധരൻ പറഞ്ഞു.
21 അംഗ രാഷ്ട്രീയ കാര്യ സമിതി ചേർന്നിട്ട് 5 മാസമായി. പിന്നെയാണ് ഭാരവാഹി യോഗം ചേരുന്നത്. കെപിസിസിയുടെ ലിസ്റ്റിൽ ഉള്ളവരെ മാത്രമേ ഭാരവാഹികൾ ആക്കാവു എന്നായിരുന്നു രാഷ്ട്രീയ കാര്യ സമിതി തീരുമാനം. അങ്ങനെ ഒരു പ്രത്യേക ലിസ്റ്റും തയ്യാറാക്കിയിരുന്നു. വനിതാ പ്രാതിനിധ്യം വഴിയാണ് സോന ലിസ്റ്റിൽ ഇടം നേടിയത്. ആരാണീ സോന? സോന കെപിസിസി ലിസ്റ്റിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ല. പുനസംഘടനാ ലിസ്റ്റിൽ പേര് വന്നതിനെ കുറിച്ച് പട്ടികയിൽ ഉണ്ടോ എന്നറിയില്ല. ഒരു കാലത്ത് കോൺഗ്രസ് വിട്ട് പോയെങ്കിലും താമരയുമായി വിട്ടുവീഴ് ചെയ്തിട്ടില്ലെന്ന് അര്‍ത്ഥം വച്ച് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തു കെ മുരളീധരൻ
നിലവിലുള്ളത് ഭേദപ്പെട്ട ലിസ്റ്റാണ്. രണ്ടാം ഘട്ട ലിസ്റ്റിറക്കുമ്പോൾ കുളമാക്കാതിരുന്നാൽ നല്ലതെന്നും കെ മുരളീധരൻ തുറന്നടിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പൊക്കെ വരുന്ന സമയമാണ്. പഞ്ചായത്ത് കോര്‍പറേഷൻ തെരഞ്ഞെടുപ്പുകൾ അത്ര എളുപ്പമൊന്നും അല്ലെന്ന് കോൺഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും മനസിലാക്കണമെന്നും കെ മുരളീധരൻ ഓര്‍മ്മിപ്പിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ചാമ്പ്യൻമാരായത് സിപിഎമ്മാണ്. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയായാണ് അവര്‍ അതിനെ കണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam