മുല്ലപ്പള്ളിയോട് അതൃപ്തി; കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചു

By Web TeamFirst Published Sep 27, 2020, 7:22 PM IST
Highlights

രാജിക്കാര്യം അറിയിച്ച് കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു

തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ രാജിവച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടർന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കണ്ടല്ലോ എന്ന്  കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

രാജിക്കാര്യം അറിയിച്ച് കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയതും അതൃപ്തി മൂലമാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചപ്പോഴാണ് പ്രചാരണത്തിനു സ്ഥിരം സമിതി അധ്യക്ഷനെയും വെച്ചത്. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി. 

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരമുഖത്ത് നിൽക്കുമ്പോഴാണ് കോൺഗ്രസിൽ അതൃപ്തി പരസ്യമാക്കി രണ്ട് പേർ രാജി വച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ എ-ഐ ഗ്രൂപ്പുകൾ ശക്തമായ നിലപാടാണ് തുടക്കം മുതൽ  സ്വീകരിക്കുന്നത്.  പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ സിപിഎമ്മും എൽഡിഎഫും അവസാനഘട്ട ഒരുക്കങ്ങൾ നടത്തുമ്പോഴാണ് യുഡിഎഫ് കൺവീനർ തന്നെ രാജി വച്ചത്.  എ ഗ്രൂപ്പുമായി ഏറ്റുമുട്ടി രാജിവച്ച ബെന്നിയുടെ അടുത്ത നീക്കം പ്രധാനമാണ്. രമേശ് ചെന്നിത്തലയോട് അടുത്ത ബെന്നി ഐ ഗ്രൂപ്പിൽ സജീവമാകുമോ എന്നാണ് അറിയേണ്ടത്. ബെന്നിയുടെ രാജിക്ക് തൊട്ടുപിന്നാലെയാണ് മുരളീധരന്റെ അപ്രതീക്ഷിത രാജിയും തുറന്ന് പറച്ചിലും.

വേണ്ടാത്തിടത്ത് വലി‍ഞ്ഞ് കേറി നിൽക്കേണ്ടെന്ന് മുരളിയുടെ പരാമർശം നേതൃത്വത്തിനെതിരെ പരസ്യനിലപാടാണ്. വട്ടിയൂർയൂർക്കാവ് നിയമസഭാ സീറ്റിൽ വീണ്ടും മത്സരിച്ച് സംസ്ഥാനത്തേക്ക് മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിച്ച  മുരളീധരന്റെ ആഗ്രഹം സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ കാരണം. സുവർണ്ണ ജൂബിലി ആഘോഷിച്ച് ഉമ്മൻചാണ്ടി സജീവമാകുമ്പോഴാണ് ഒരു ഭാഗത്ത് പൊട്ടിത്തെറിയെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവനയിൽ ചെന്നിത്തലയും കൂട്ടരും അതൃപ്തിയിലാണ്. ഇതിന് പിന്നാലെയാണ് രാജിയും നേതൃത്വത്തിനെതിരെ മുരളീധരന്റെയും ബെന്നിയുടേയും പരാമർശനങ്ങളും. 

click me!