സ്വീപ്പര്‍മാരെ കൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിച്ചു; വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

By Web TeamFirst Published Dec 5, 2022, 1:07 PM IST
Highlights

ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വീപ്പര്‍മാരെ കൊണ്ട് സ്വന്തം വീട്ടു ജോലി ചെയ്യിപ്പിച്ച ഡയറക്ടര്‍, ജാതിയുടെ പേരില്‍ ക്ലറിക്കല്‍ ജോലിക്കാരോടും വിദ്യാര്‍ത്ഥികളോട് പോലും വിവേചനപൂര്‍വ്വമാണ് പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.


കോട്ടയം:  കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ സ്വീപ്പര്‍മാരെ ഡയറക്ടറുടെ വീട്ടിലെ ജോലി കൂടി ചെയ്യിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തില്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ മുതല്‍ ക്ലാസുകള്‍ ബഹിഷ്ക്കരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചത്. സ്ഥാപനത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സമരത്തിന്‍റെ ഭാഗമാണെന്ന് സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീദേവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. സമരത്തില്‍ ഉചിതമായ തീരുമാനമുണ്ടാകും വരെ അനിശ്ചിതകാല സമരം തുടരുമെന്നും ശ്രീദേവ് കൂട്ടിചേര്‍ത്തു. 

സ്ഥാപനത്തിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് സ്വീപ്പര്‍മാരെ അറിയിച്ചത്. വീടിന് പുറത്തെ ശുചിമുറിയില്‍ നിന്ന് കുളിച്ചതിന് ശേഷം മാത്രമേ ഇവരോട് ഡയറക്ടറുടെ വീട്ടില്‍ കയറാന്‍ പാടൊള്ളൂവെന്നും എന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 32 കാരിയായ പരാതിക്കാരിയടക്കം മൂന്ന് പേരെ ദിവസവേതനത്തില്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ സ്വീപ്പര്‍ ജോലിക്കെടുത്തത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളോടും സ്റ്റാഫിനോടും ജാതീയമായ വിവേചനങ്ങള്‍ നടക്കുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കൂടാതെ 6.11.2021 ല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന മാനേജിംഗ് ഡയറക്ടര്‍മാരുടെ ഉയര്‍ന്ന പ്രായപരിധി 65 ആയി നിജപ്പെടുത്തിയിട്ടും പ്രസ്തുത ഉത്തരവ് മുക്കിക്കളഞ്ഞ ഡയറക്ടര്‍ 68 -ാമത്തെ വയസിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി തുടരുകയാണെന്നും ഇത് സര്‍ക്കാര്‍ ഉത്തരവിന്‍റെ നഗ്നമായ ലംഘനമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

 

ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വീപ്പര്‍മാരെ കൊണ്ട് സ്വന്തം വീട്ടു ജോലി ചെയ്യിപ്പിച്ച ഡയറക്ടര്‍, ജാതിയുടെ പേരില്‍ ക്ലറിക്കല്‍ ജോലിക്കാരോടും വിദ്യാര്‍ത്ഥികളോട് പോലും വിവേചനപൂര്‍വ്വമാണ് പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിച്ചിടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും 2022 ബാച്ചില്‍ നാല് സീറ്റ് ഒഴിഞ്ഞ് കിടന്നിട്ടും ശരത്ത് എന്ന ദളിത് വിദ്യാര്‍ത്ഥിക്ക് ഡയറക്ടര്‍ സീറ്റ് നിഷേധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു ഗ്രാന്‍റിന്‍റെ ലഭ്യതയ്ക്കായി സമരം ചെയ്തെന്ന കാരണത്താല്‍ അനന്തപത്മനാഭന്‍ എന്ന വിദ്യാര്‍ത്ഥിയെ ഫൈനല്‍ ഡിപ്ലോമ പ്രോജക്റ്റില്‍ നിന്നും ഒഴിവാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവുകള്‍ യഥാസമയം ലഭ്യമാക്കാതിരുന്നതിനാല്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.  

കൃത്യമായ നോട്ടിഫിക്കന്‍ ഇല്ലാതെ ഡീന്‍, പ്രൊഡക്ഷന്‍ കണ്‍ട്രളര്‍, ആര്‍ട്ട് ഡയറക്ടര്‍ തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തി, അധ്യാപന പരിചയമില്ലാത്ത ആളുകളെ നിയമിച്ചു.  പുതിയ ബാച്ച് തുടങ്ങി ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെയും കൃത്യമായ സിലബസോ അക്കാദമിക് കലണ്ടറോ നല്‍കാന്‍ ഡയറ്ക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല .ഇതിനിടെ മൂന്ന് വര്‍ഷത്തെ പിജി കോഴ്സ് വെട്ടിച്ചുരുക്കി രണ്ട് വര്‍ഷമാക്കി. വിദ്യാര്‍ത്ഥികളില്‍ നിന്നും അഡ്മിഷന്‍ സമയത്ത് ഇന്‍ഡെമിനിറ്റി ബോണ്ട് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങി. ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നും അല്ലാത്ത പക്ഷം അവരെ പുറത്താക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും ബോണ്ടില്‍ എഴുതിച്ചേര്‍ത്തെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്: K R Narayanan Film Institute strike: പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്ന് മന്ത്രി

 

click me!