കെ റയിൽ സംവാദത്തിൽ അനിശ്ചിതത്വം, അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കില്ല

Published : Apr 26, 2022, 04:54 PM IST
കെ റയിൽ സംവാദത്തിൽ അനിശ്ചിതത്വം, അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കില്ല

Synopsis

സംവാദത്തിന് മുമ്പേ വിവാദപരമ്പര തുടരുകയാണ്. ജോസഫ് സി മാത്യുവിനെ കാരണം പറയാതെ ഒഴിവാക്കിയതിന് പിന്നാലെയാണ് നിശിതമായ വിമർശനങ്ങളോടെയുള്ള അലോക് വർമ്മയുടെ കത്ത്. 

തിരുവനന്തപുരം: കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള സംവാദത്തിൽ കടുത്ത അനിശ്ചിതത്വം. സംവാദത്തിൽ മുൻ സിസ്ട്ര ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമ പങ്കെടുക്കില്ല. പ്രശസ്ത പരിസ്ഥിതിവാദിയും എഞ്ചിനീയറുമായ ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ പങ്കെടുക്കില്ല. ഇതോടെ, സംവാദത്തിന്‍റെ പാനലിൽ കാര്യമായ മാറ്റങ്ങൾ വരാനും സാധ്യതയേറി. 

സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കൃത്യമായ വിവരങ്ങൾ കിട്ടാതിരുന്നത് കൊണ്ടാണ് സംവാദത്തിൽ പങ്കെടുക്കാത്തത് എന്ന് അലോക് വർമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''സംവാദത്തിൽ പങ്കെടുക്കാത്തത് സർക്കാരിൽ നിന്ന് കൃത്യമായ മറുപടി കിട്ടാത്തത് കൊണ്ടാണ്. ഡിപിആറിലെ പിഴവുകൾ തിരുത്താൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമം ഉണ്ടാകുന്നില്ല.  ഇനിയൊരു സംവാദത്തിന് താൻ തയ്യാറല്ല. ബദൽ സംവാദത്തിനെക്കുറിച്ച് ആലോചിച്ചിട്ടില്ല'', അലോക് വർമ പറയുന്നു. 

സർക്കാറിന് പകരം കെ റെയിൽ ക്ഷണിച്ചതിനെയും പദ്ധതിയെ പുകഴ്ത്തിയുള്ള ക്ഷണക്കത്തിലെ ഭാഷയെയും വിമർശിച്ച് അലോക് വർമ ചീഫ് സെക്രട്ടറി വി പി ജോയിക്ക് കത്ത് നൽകിയിരുന്നു. ഉച്ചക്കുള്ളിൽ സർക്കാർ പുതിയ ക്ഷണക്കത്ത് നൽകിയില്ലെങ്കിൽ സംവാദത്തിൽ നിന്നും പിന്മാറുമെന്ന് അലോക് വർമ പറഞ്ഞു. വർമ്മയുടെ ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ സംവാദത്തിനില്ലെന്ന് പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാധാകൃഷ്ണനും അറിയിച്ചു. അതേ സമയം സംവാദത്തിൽ പങ്കെടുക്കുമെന്നാണ് ആർവിജി മേനോന്‍റെ നിലപാട്. സർക്കാർ പുതിയ ക്ഷണക്കത്ത് നൽകാനുള്ള സാധ്യത കുറവായിരിക്കെ പാനൽ മാറ്റാനുള്ള നീക്കങ്ങളും സജീവമാണ്.

അങ്ങനെ കെ റെയിൽ സംവാദത്തിന് മുമ്പേ വിവാദപരമ്പര തുടരുകയാണ്. ജോസഫ് സി മാത്യുവിനെ കാരണം പറയാതെ ഒഴിവാക്കിയതിന് പിന്നാലെയാണ് നിശിതമായ വിമർശനങ്ങളോടെയുള്ള അലോക് വർമ്മയുടെ കത്ത്. സംവാദത്തിലേക്ക് തുടക്കം മുതൽ ക്ഷണിച്ചത് ചീഫ് സെക്രട്ടറി അടക്കമുള്ള സർക്കാർ പ്രതിനിധികളായിരിക്കെ കെ റെയിൽ ക്ഷണക്കത്ത് നൽകിയതിൽ വർമയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. സംസ്ഥാനത്തിന്‍റെ വിശാല വികസനതാല്പര്യത്തിനുള്ള പദ്ധതിയുടെ പ്രചാരണാർത്ഥമുള്ള സംവാദം എന്ന കത്തിലെ ഭാഷയോടും വിയോജിച്ചാണ് അലോക് വർമ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലെ എതിർപ്പും മോഡറേറ്ററെ മാറ്റിയതിനെയും വർമ വിമർശിക്കുന്നുണ്ട്.

അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങൾ അവതരിപ്പിക്കാനുള്ള വേദി എന്ന തോന്നലുണ്ടാക്കി  സർക്കാർ പിന്നീട് താല്പര്യങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് അലോക് വർമയുടെയും ശ്രീധറിന്‍റെയും വിമർശനം. 

വർമ്മയുടെയും ശ്രീധറിന്‍റെയും നിലപാടുകളോട് യോജിപ്പാണെങ്കിലും സംവാദത്തിൽ വാതിൽ അടയ്ക്കേണ്ടെന്നാണ് പദ്ധതിയെ എതിർക്കുന്ന പാനലിലെ മൂന്നാമനായ ആർവിജി മേനോന്‍റെ അഭിപ്രായം. സംവാദത്തിന്‍റെ സാധ്യത ഉപയോഗിച്ച് വിമർശനം ഉന്നയിക്കാമെന്ന ആർവിജിയുടെ നിലപാട് സർക്കാറിനും കെ റെയിലിനും പിടിവള്ളിയാാണ്.

അലോക് വർമ്മക്ക് പുതിയ ക്ഷണക്കത്ത് കെ റെയിൽ നൽകാനുള്ള സാധ്യത വളരെ കുറവാണ്. കത്തിലെ ഭാഷയുടെ സാങ്കേതികത്വത്തെക്കാൾ സംവാദത്തിന്‍റെ അവസരം വിമർശകർ പ്രയോജനപ്പെടുത്തണമെന്നാണ് സർക്കാർ നിലപാട്. സംവാദത്തിന് ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയതനുസരിച്ചാണ് ക്ഷണക്കത്ത് അയച്ചതെന്നാണ് കെ റെയിൽ വിശദീകരണം.  പുതിയ ക്ഷണക്കത്തോ മറുപടിയോ കിട്ടിയില്ലെങ്കിലും വർമയും ശ്രീധറും പിന്മാറും. ആർവിജിയെ നിലനിർത്തി പദ്ധതിയെ എതിർക്കുന്ന രണ്ട് പേരെ പാനലിൽ ഉൾപ്പെടുത്താനും കെ റെയിൽ നീക്കമുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്