
കാസര്‍കോട്: കാസർകോട് മജലിലെ സ്ഥാപനത്തില്‍ നിന്ന് 16 ലക്ഷം രൂപയുടെ കന്നുകാലിക്കുടല്‍ കടത്തിയ കേസില്‍ രണ്ട് ആസാം സ്വദേശികള്‍ തമിഴ്നാട്ടില്‍ പിടിയില്‍. ഇവരില്‍ നിന്ന് 50,000 രൂപയും തൊണ്ടി മുതലിന്‍റെ ഒരു ഭാഗവും കണ്ടെടുത്തു. ആസാം സ്വദേശികളായ സൈദുല്‍, റൂബിയാല്‍ എന്നിവരാണ് കാസര്‍കോട് ടൗണ‍് പൊലീസിന്‍റെ പിടിയിലായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്നാണ് അറസ്റ്റ്.
ചൗക്കി മജലിലെ സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് 16 ലക്ഷം രൂപയുടെ ഉപ്പിലിട്ട കന്നുകാലിക്കുടല്‍ മോഷണം പോയത്. ഉപ്പിലിട്ട് ഉണക്കിയ കന്നുകാലിക്കുടല്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. ഉടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരുടെ അറസ്റ്റ്. സ്ഥാപനത്തിലെ തൊഴിലാളികളോടൊപ്പം ചേര്‍ന്ന് തമിഴ്നാട്ടിലെ വാണിയമ്പാടിയില്‍ കന്നുകാലിക്കുടല്‍ വിറ്റുവെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇവിടെ നിന്ന് തൊണ്ടി മുതലിന്‍റെ ഒരു ഭാഗം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ടൗൺ എസ്ഐ പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
അറസ്റ്റിലായ രണ്ട് പേരില്‍ നിന്ന് 50000 രൂപയും പിടിച്ചെടുത്തു. നാലര രക്ഷം രൂപയ്ക്കാണ് കന്നുകാലിക്കുടല്‍ വിറ്റതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. സ്ഥാപനത്തിലെ ജീവനക്കാരായ ആസാം സ്വദേശികളായ അഷ്റഫുല്‍ ഇസ്ലാം, ഉമറുല്‍ ഫാറൂക്, ഷെഫീഖുല്‍, അസ്രത്ത് അലി, മുഖീബുല്‍, ഖൈറുല്‍ എന്നിവരേയും മുന്‍ ജീവനക്കാരന്‍ ഷഫീഖുലിനേയും പിടികിട്ടാനുണ്ട്. ഇവര്‍ ആസാമിലേക്ക് കടന്നതായാണ് സൂചന. മുന്‍ ജീവനക്കാരനായ ഷഫീഖുല്‍ ആണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ച സ്കൂട്ടറുകള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam