
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി (Silver Line) അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ റെയിൽ (K Rail) . സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ (Thiruvanchoor Radhakrishnan) ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് കെ റെയിൽ വിശദീകരണം.
അന്തിമ അലൈൻമെൻ്റിൽ മാറ്റം വന്നിട്ടില്ല. സിൽവർ ലൈൻ സ്റ്റേഷനുകളെ നേർരേഖയിൽ ബന്ധിപ്പിച്ച് വരച്ച ഒരു സ്വകാര്യ വെബ്സൈറ്റിൻ്റെ മാപ്പാണ് ആദ്യ അലൈൻമെൻ്റായി പ്രചരിപ്പിക്കുന്നതെന്നും കെ റെയിൽ പറയുന്നു. അലൈൻമെന്റ് മാറ്റിയെന്ന തിരുവഞ്ചൂരിന്റെ ആരോപണം വലിയ ചർച്ചക്ക് വഴിവച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ വീട് ഒഴിവാക്കിയാണ് ഇത്തരത്തിൽ അലൈൻമെന്റ് മാറ്റം കൊണ്ടുവന്നതെന്ന് ആദ്യം ആരോപിച്ചു. പിന്നീടത് സജി ചെറിയാന്റെ പഞ്ചായത്ത് ഒഴിവാക്കിയെന്നായി. തിരുവഞ്ചൂരിന്റെ ആരോപണങ്ങൾ ചൂട് പിടിച്ച ചർച്ചയായിട്ടും കെ റെയിൽ എന്തുകൊണ്ട് മറുപടി പറയുന്നില്ല എന്ന് ചോദ്യം ഉയർന്നിരുന്നു. ഒടുവിൽ ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ റെയിൽ വിശദീകരണം നൽകിയിരിക്കുകയാണ്.
കെ റെയിൽ ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല. ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോം (https://themetrorailguy.com/) എന്ന വെബ്‌സൈറ്റില്‍, സില്‍വര്‍ ലൈന്‍ സ്റ്റേഷനുകളെ നേര്‍ രേഖയില്‍ ബന്ധിപ്പിച്ചു കൊണ്ട് വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ-റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണ്.
ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണെന്നും ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോമില്‍ (https://themetrorailguy.com/)വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക ്അലൈന്‍മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. ഈ മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2020 ന്റെ തുടക്കത്തില്‍ സില്‍വര്‍ലൈനിന്റെ വ്യാജ അലൈന്‍മെന്റ് സോഷ്യല്‍ മീഡിയയില്‍ വ്യപാകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ-റെയില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ഥിച്ചിരുന്നതുമാണ്.
വിശദമായ സര്‍വേക്കു ശേഷമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത്.
2020 ജൂണ്‍ ഒമ്പതിന് സിസ്ട്ര ഈ അലൈന്‍മെന്റ് അടങ്ങുന്ന ഡി.പി.ആര്‍ സമര്‍പ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്റ് പ്ലാനാണ് കെ-റെയിലിന്റെ വെബ്‌സൈറ്റിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam