Silver Line : സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി, സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

Published : Mar 24, 2022, 04:25 PM ISTUpdated : Mar 24, 2022, 04:27 PM IST
Silver Line : സിൽവർ ലൈൻ സർവ്വേക്കെതിരെ ഹർജി, സുപ്രീംകോടതി തിങ്കളാഴ്ച  പരിഗണിക്കും

Synopsis

പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് കോടതിയെ സമീപിച്ചത്. നിലവിലെ സർവേ നിയമപരമല്ലെന്ന് ഹർജിക്കാർ കുറ്റപ്പെടുത്തുന്നു. 

ദില്ലി: സിൽവർ ലൈൻ (Silver Line) പദ്ധതിക്കുള്ള സ്ഥലമെറ്റെടുക്കൽ സർവ്വേക്കെതിരായ ഹർജി സുപ്രീം കോടതി (Supreme Court) തിങ്കളാഴ്ച പരിഗണിക്കും. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് കോടതിയെ സമീപിച്ചത്. നിലവിലെ സർവേ നിയമപരമല്ലെന്ന് ഹർജിക്കാർ കുറ്റപ്പെടുത്തുന്നു. 

അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തി. പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടത്. പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം  പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം കേട്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രിയും റയിൽവേ മന്ത്രിയും ചർച്ച നടത്തി. 

എന്തൊക്കെ എതിര്‍പ്പുയര്‍ന്നാലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതി മാത്രമാണ് ഇപ്പോള്‍   പദ്ധതിക്കുള്ളത്. ഈ അനുമതിയുടെ ബലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ നീക്കുന്നത്. അന്തിമ അനുമതി നല്‍കരുതെന്ന് ബിജെപിയും യുഡിഎഫും കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. 

K Rail: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷ‌േധങ്ങൾ; പൊലീസിനെ ഇറക്കി പ്രതിരോധം തീർക്കാൻ സർക്കാർ

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും പ്രതിഷേധം

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ ഭൂമിയിൽ മാത്രമാണ് കല്ലിടാൻ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയിൽ പ്രതിഷേധം കാരണം കല്ലിടൽ നടന്നില്ല. അതിനിടെ കെ റെയിൽ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി മാർച്ച് നടത്തി. 

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ല കളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി.  കോഴിക്കോടും തൃശ്ശൂരും കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ  ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യുഡിഎഫിന് വൻ മുന്നേറ്റം
പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാർഥി വി കെ നിഷാദ് മുന്നിൽ