K Rail : കെ റെയിൽ അപ്രായോഗികം, മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല; വിമർശനവുമായി അലോക് വർമ്മ

Published : Apr 20, 2022, 08:57 AM ISTUpdated : Apr 20, 2022, 10:10 AM IST
 K Rail : കെ റെയിൽ അപ്രായോഗികം, മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല; വിമർശനവുമായി അലോക് വർമ്മ

Synopsis

മുഖ്യമന്ത്രിക്ക് പകരം സർക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരും സമയമനുവദിച്ചില്ലെന്നാണ് പരാതി. പദ്ധതിയുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അലോക് വർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: കെ റെയിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൂടിക്കാഴ്ചക്ക് സമയമനുവദിച്ചില്ലെന്ന് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയർഡ് റെയിൽവേ ചീഫ് എഞ്ചിനിയർ അലോക് വർമ്മ. മുഖ്യമന്ത്രിക്ക് പകരം സർക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരും സമയമനുവദിച്ചില്ലെന്നാണ് പരാതി. പദ്ധതിയുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അലോക് വർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇ മെയിലായും ഔദ്യോഗിക സംവിധാനങ്ങൾ വഴിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. തിരുവനന്തപുരത്തെത്തി നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കെ റെയിലിൽ വിശദീകരണ യോഗത്തിലടക്കം സജീവമായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ കാണാനും ശ്രമിച്ചു. കെ റെയിൽ പദ്ധതിയുടെ പ്രായോഗികത പഠിക്കാനുള്ള സംഘത്തിലെ പ്രധാനയാളായിരുന്നു റെയിൽവേ ചീഫ് എഞ്ചിനിയറായിരുന്ന അലോക് വർമ്മ. പദ്ധതി ആവശ്യമാണ്, പക്ഷേ നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നാണ് അലോക് വർമ്മയുടെ നിലപാട്.

ഇന്നലെ ഉന്നത ഉദ്യോഗസ്ഥർ ആരെയെങ്കിലും കാണാനവസരമുണ്ടാക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിരുന്നു. പക്ഷെ ആ കാര്യവും നടപ്പായില്ല. എന്നാൽ കെ റെയിൽ ഉദ്യോഗസ്ഥരെ പിന്നീട് കാണാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചുവെന്നും അലോക് വർമ്മ പറയുന്നത്. ഭരണനേതൃത്വത്തിനോടല്ലാതെ, കെ റെയിൽ ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇനിയില്ലെന്നാണ് അലോക് വർമ്മയുടെ നിലപാട്.

കെ റെയിലിന്റെ ഇടപെടലാണ് പ്രതികൂല ഘടകങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടു പോകാനിടയായതെന്നാണ് വിമർശനം. അലോക് വർമ്മയുടെ വാക്കുകൾക്ക് പ്രസക്തിയേയില്ലെന്നാണ് കെ റെയിലിന്റെ നിലപാട്. അന്ന് പഠനം നടത്തിയ 18 വിദഗ്ദരിൽ സിസ്ട്രയുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ മാത്രമായിരുന്നു അലോക് വർമ്മ. 3 മാസത്തെ അനുഭവം മാത്രമാണ് പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിനുള്ളത്. അതിനേക്കാൾ വിപുലമായ പഠനങ്ങൾക്ക് ശേഷമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. എന്നാൽ നിലവിൽ സ്റ്റാൻഡേർഡ് ഗേജായി നിശ്ചയിച്ചിരിക്കുന്ന കെ റെയിൽ ബ്രോഡ് ഗേജായിത്തന്നെ 200 കിലോമീറ്രറിന് മുകളിൽ വേഗത്തിലോടിക്കാനാവുമെന്ന് അലോക് വർമ്മ കെ റെയിലിനെ വെല്ലുവിളിക്കുന്നു. പ്രതിപക്ഷ നേതാവിനെയടക്കം കണ്ട്, പദ്ധതിയുടെ അപ്രായോഗികത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്നും അലോക് വർമ്മ പറയുന്നു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല
സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍