കെ റെയിൽ സമരം: പൊലീസുകാരനെതിരെ അന്വേഷണം, കണ്ണൂരിലും പ്രതിഷേധം; സർക്കാരിനെതിരെ കെസിബിസി

By Web TeamFirst Published Apr 21, 2022, 5:12 PM IST
Highlights

കണ്ണൂർ ചാലയിലും കെ റെയിൽ സമരം നടക്കുകയാണ്. കെ റെയിൽ കുറ്റിയുമായി വന്ന വാഹനം സമരക്കാർ തടഞ്ഞു

തിരുവനന്തപുരം: കണിയാപുരത്ത് കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കും. തിരുവനന്തപുരം റൂറൽ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് അന്വേഷണം.

കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ച് കെ സി ബി സി മീഡിയ കമ്മീഷൻ രംഗത്ത് വന്നു. സംസ്ഥാന സ൪ക്കാരിന് അധികാരത്തിന്റെ അഹന്തയാണെന്ന് മീഡിയ കമ്മീഷൻ കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുന്നു. സ൪ക്കാരിന് ഏകാധിപത്യ സ്വഭാവമാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

കണ്ണൂർ ചാലയിലും കെ റെയിൽ സമരം നടക്കുകയാണ്. കെ റെയിൽ കുറ്റിയുമായി വന്ന വാഹനം സമരക്കാർ തടഞ്ഞു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച കുറ്റികൾ സമരക്കാർ പിഴുതെറിഞ്ഞു. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് കുറ്റികൾ പിഴുതെറിഞ്ഞത്. പ്രദേശത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
 

click me!