
തിരുവനന്തപുരം: ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് പ്രതികരണം. നല്ലതുപോലെ ഒരുക്കങ്ങള്‍ നടത്തുകയും അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിക്കാനും കഴിഞ്ഞു. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്താന്‍ കഴിഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.
ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്. പുഴയിലെ ജലനിരപ്പ്, മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെടുക്കും. ചാലക്കുടിയിൽ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണ് ഉള്ളത്.
ഇന്നലെ രാത്രി പറമ്പിക്കുളത്തു നിന്നും തുണക്കടവിൽ നിന്നും 19000 ക്യൂമെക്സ് വെളളമാണ് പെരിങ്ങൽകുത്തിലെക്ക് എത്തിയത്. കനത്ത മഴ കൂടി തുടർന്നതോടെ പെരിങ്ങൽക്കുത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുകി എത്തിയത് 37000 ക്യുമെക്സ് വെള്ളം. ഏത് സാഹചര്യവും നേരിടാൻ സജ്ജമായി ജില്ലാ ഭരണകൂടവും സജ്ജമായിരുന്നു. റെവന്യൂ മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്തത്തിൽ പ്രത്യേക ടീം മുന്നിൽ നിന്ന് നയിച്ചു.
എൻഡിആർഎഫ് സംഘവും ഫയർഫോഴ്സും മത്സ്യത്തൊലാളികളും അടിയന്തിര ഘട്ടത്തെ നേരിടാൻ തയ്യാറായി നിന്നു. പെട്ടെന്ന് വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ യുദ്ധകാലടിസ്ഥാനത്തിൽ മാറ്റി . എന്നാൽ രാവിലെ ആകുമ്പോൾ സ്ഥിതി മാറി. ജലനിരപ്പ് 7.27 മീറ്റർ ആയി തന്നെ തുടർന്നത് വലിയ ആശ്വാസമായി. കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും മഴ മാറിയതും ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്‍ത്തി. പറമ്പിക്കുളം, തുണക്കടവ് അണക്കെട്ടുകളിൽ ഉച്ചയോടെ തുറന്നു വിടുന്ന വെളളം പകുതി ആക്കി. വൈകിട്ടോടെ മുന്നറിയിപ്പ് നിലക്കും താഴെ 6.90 മീറ്ററിൽ ചാലക്കുടി പുഴ എത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam