
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയേക്കാള്‍ പിണറായി പ്രാധാന്യം നല്കിയത് വിദേശ പര്യടനത്തിനായിരുന്നു. വന്‍കിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ അതു മാറ്റിവയ്ക്കാന്‍ പിണറായി തയാറായില്ല.
2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു പറന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനവും തുടര്‍ന്ന് വിലാപയാത്രയും നടത്തിയാല്‍ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്‍റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നല്കിയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.