'അശ്ലീലതയുടേയും സ്ത്രീ വിരുദ്ധതയുടേയും ആശാന്‍'; വിവരക്കേട് അലങ്കാരമാക്കരുത്, എം എം മണിയോട് റോജി

By Web TeamFirst Published Jul 19, 2022, 7:50 PM IST
Highlights

'കെപിസിസി പ്രസിഡന്‍റ്  ഖേദ പ്രകടനം നടത്തിയത് എന്തിനെന്ന് മനസിലാക്കാനുള്ള വകതിരിവൊന്നും അശ്ലീലതയുടേയും സ്ത്രീ വിരുദ്ധതയുടേയും മാത്രം 'ആശാൻ' ആയ അങ്ങേക്ക് ഉണ്ടാവില്ല'

തിരുവനന്തപുരം: സിപിഎം നേതാവ് എം എം മണിക്ക് ( M M Mani) താന്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നുണ്ടോയെന്ന ചോദ്യമുയര്‍ത്തി റോജി എം ജോണ്‍ എംഎല്‍എ (Roji M John). വിവരകേടും സംസ്കാര ശൂന്യതയും ഒരു കുറ്റമല്ല. പക്ഷേ അത് അലങ്കാരമായി കൊണ്ട് നടക്കരുത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അടവെച്ചു വിരിയിക്കുന്ന അടിമക്കൂട്ടങ്ങളെ മാറ്റി നിർത്തിയാൽ സംസ്കാരവും സ്വബോധമുള്ള ഓരോ മനുഷ്യനും പല വിഷയങ്ങളിലും താങ്കൾ സ്വീകരിക്കുന്ന മനോഭാവത്തോടും വാക്കുകളോടും അറപ്പും വെറുപ്പും മാത്രമേ തോന്നുകയുള്ളൂ.

കെപിസിസി പ്രസിഡന്‍റ്  ഖേദ പ്രകടനം നടത്തിയത് എന്തിനെന്ന് മനസിലാക്കാനുള്ള വകതിരിവൊന്നും അശ്ലീലതയുടേയും സ്ത്രീ വിരുദ്ധതയുടേയും മാത്രം 'ആശാൻ' ആയ അങ്ങേക്ക് ഉണ്ടാവില്ല. കുറച്ചെങ്കിലും മാന്യതയും ജനാധിപത്യ മൂല്യങ്ങളും മനസിൽ സൂക്ഷിക്കുന്ന ഏതൊരാളും കെപിസിസി പ്രസിഡന്‍റ്  കാണിച്ച മാതൃകയെ കൈയ്യടിച്ച് സ്വാഗതം ചെയ്യും. വംശീയാധിക്ഷേപങ്ങൾ തുടർക്കഥയാക്കിയ 1- 2 - 3 ആശാനോട് ആര് മാപ്പ് പറയാനാണെന്നും റോജി എം ജോണ്‍ ചോദിച്ചു.

കെ സുധാകരൻ പറഞ്ഞത് എന്തെന്ന് കേരളത്തിന്‌ ബോധ്യപ്പെട്ടിട്ടുണ്ട്. തന്നെ സ്നേഹിക്കുന്ന ജനങ്ങളെയാണ് അദ്ദേഹം കണക്കിലെടുത്തത്. മാതൃകാപരമായ ആ നിലപാട് വലിയ തോതിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ  സന്തോഷമുണ്ട്. ഒരുപാട് കനൾവഴികൾ താണ്ടി വന്ന നേതാവാണ് കെ സുധാകരൻ. രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കാനുള്ള കണ്ണൂരിലെ സിപിഎം ക്രിമിനലുകളുടെ എക്കാലത്തേയും ശ്രമങ്ങളെ നെഞ്ചുറപ്പോടെ നേരിട്ട് കടന്ന് വന്നതാണ്.

കോൺഗ്രസ്‌ പ്രവർത്തകരുടെ സംരക്ഷകനാണ്. അഭിമാനമാണ് കെ സുധാകരനെന്നും റോജി എം ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ എന്നാണ് ഇന്നലത്തെ സുധാകരന്‍റെ അധിക്ഷേപത്തോട് എം എം മണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ എം എം മണിക്കെതിരെ നടത്തിയ 'ചിമ്പാൻസി' പരാമർശത്തിൽ  കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചതിനുള്ള മറുപടിയായിരുന്നു മണിയുടെ കുറിപ്പ്.

Read More : നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ല, തെറ്റ് തെറ്റായി കാണുന്നു: സുധാകരൻ

ചിമ്പാൻസിയുടെ ശരീരത്തിൽ എം എം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാമർശം. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം എൽ എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് കെ സുധാകരന്‍ എംഎം മണിയെ അധിക്ഷേപിച്ചത്.

'മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടത്' എന്നായിരുന്നു സുധാകരന്‍റെ മറുപടി. സുധാകരന്‍റെ അധിക്ഷേപത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സുധാകരനെതിരെ ഇടത് നേതാക്കള്‍ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ മണിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി. ഇതിന് പിന്നാലെയാണ് രാത്രിയോടെ സുധാകരന്‍ ഫേസ്ബുക്കില്‍ ഖേദപ്രകടനം നടത്തിയത്.

Read More :  മണിക്കെതിരായ അധിക്ഷേപം: 'ബോര്‍ഡ് നേതൃത്വത്തിന്‍റെ തീരുമാനമായിരുന്നില്ല' ഖേദം പ്രകടിപ്പിച്ച് മഹിള കോണ്‍ഗ്രസ്

click me!