നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോർഡ് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമായിരുന്നില്ല ബോര്‍ഡെന്നും മഹിളാ കോണ്‍ഗ്രസ് തിരു.ജില്ലാ കമ്മിറ്റി.

തിരുവനന്തപുരം: എം എം മണിക്കെതിരായ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹിള കോണ്‍ഗ്രസ് തിരു.ജില്ലാ കമ്മിറ്റി. നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോർഡ് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമായിരുന്നില്ല ഇതെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ശ്രദ്ധയില്‍പ്പെട്ടയുടനെ ബോര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു. 

കെ കെ രമയ്ക്ക് എതിരെ എം എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്. മണിയെ ചിമ്പൻസിയായി ചിത്രികരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പൻസിയുടെ ചിത്രത്തിൽ എംഎല്‍എയുടെ ചിത്രം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. പിന്നാലെ വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയർന്നു. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി.

  • 'ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിക്ക്'; എം.എം.മണിക്കെതിരെ അധിക്ഷേപ പരാർശവുമായി കെ.സുധാകരൻ

മുൻ മന്ത്രി എം എം മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പൊയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. ചിമ്പാൻസിയുടെ ശരീരത്തിൽ എം.എം.മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം. സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരൻ ചോദിച്ചു.