
കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന് (congress). മമ്പറം ദിവാകരൻ്റെ (Mambaram Divakaran) പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു. 29 വർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോൾ കെ സുധാകരന് (K Sudhakaran) ഇതൊരു വലിയ രാഷ്ട്രീയ വിജയമാണ്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വർഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.
അയ്യായിരത്തി ഇരുന്നൂറ് വോട്ടർമാരുള്ള സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ വച്ചായിരുന്നു വോട്ടിംഗ്. രാവിലെ പത്തുമണിമുതൽ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും ആറര വരെ നടപടികൾ തുടർന്നു.
പാർട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍റെ പുറത്താക്കലിൽ കലാശിച്ചത്. തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്‍റെ ക്ലൈമാക്സാണ് ഈ പുറത്താക്കൽ. 1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്‍റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്‍റെ നില പരുങ്ങലിലായി.
പാർട്ടിക്ക് പുറത്താണെങ്കിലും ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലായിരുന്നു മമ്പറം. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായി. മമ്പറം ദിവാകരൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് കണ്ണൂർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam