
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി ആദ്യസമര പ്രഖ്യാപനം നടത്തി കെ.സുധാകരൻ. വിവാദ പ്രസ്താവനകളിലൂടെ ചർച്ചയായ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെ കെ.സുധാകരൻ വഴി തടയൽ സമരം പ്രഖ്യാപിച്ചു. ഇതാദ്യമായല്ല എം.സി ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് കെ.സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കെ.സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് -
എം.സി ജോസഫൈനെ ഇനിയും തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണ്. ആദ്യമായിട്ടല്ല ഇവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തിൽ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്ഥാവന നടത്തുന്നത്. അങ്ങേയറ്റം പിന്തിരിപ്പൻ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് അവർ ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും.
സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ പരാതി വരെ ഒരു പാഴ് പാർട്ടി കമ്മീഷൻ ഉണ്ടാക്കി തീവ്രത കുറഞ്ഞ പീഡനം എന്ന് പറഞ്ഞ് പരിഹസിച്ചത് നമ്മൾ കണ്ടതാണ്. പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കിൽ അവർക്ക് മുൻപിൽ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?
കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്ക് മേൽ കെട്ടിവെച്ച സർക്കാർ എത്രയും വേഗം തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ഇനിയും ജോസഫൈനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആണ് ഭാവമെങ്കിൽ അത് സമൂഹത്തിനും, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ സർക്കാരിന്റെ വെല്ലുവിളി ആയിട്ടാണ് കെ.പി.സി.സി മനസ്സിലാക്കുന്നത്.
ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല. അധികാരത്തിൽ നിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴി തടയാനാണ് ഞങ്ങളുടെ തീരുമാനം. അല്ലെങ്കിൽ ഒരുപക്ഷേ അവർ ഔദ്യോഗികമായി ഇടപെടുന്ന ഇടങ്ങളിൽ, ആ ഇടപെടൽ കൊണ്ട് മാത്രം അവസാന പ്രതീക്ഷയും അവസാനിച്ച് ഇരകൾ ആത്മഹത്യ ചെയ്യുന്നത് ഇനിയും നമ്മൾ കാണേണ്ടി വരും. അത്തരമൊരു ദുരന്തസാധ്യത ഒഴിവാക്കാനാണ് സാധാരണ പ്രതിഷേധ മാർഗം എന്നതിനേക്കാൾ ഉപരി കൃത്യനിർവ്വഹണത്തിൽ നിന്ന് അവരെ ജനാധിപത്യപരമായി തടയേണ്ടതുണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam