സർക്കാരിനെതിരായ 'കടക്ക് പുറത്ത്' ക്യാമ്പയിൻ്റെ ഭാഗമായി കോൺഗ്രസ് വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. സർക്കാരിൻ്റെ വീഴ്ചകൾ തുറന്നുകാട്ടുന്ന കുറ്റപത്രത്തിനൊപ്പം, മുഖ്യമന്ത്രിയെ പുറത്താക്കാനും പരാതികൾ നൽകാനും വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാ​ഗമായി ആരംഭിച്ച ‘കടക്ക് പുറത്ത്’ ക്യാമ്പയിൻ്റെ ഭാ​ഗമായി കുറ്റുപത്രവും വെബ്സൈറ്റും പുറത്തിറക്കി. കോൺഗ്രസ് ആണ് വെബ്സൈറ്റിന് പിന്നിൽ. ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തിൽ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. സർക്കാരിനെതിരായ ജനങ്ങളുടെ പരാതികൾ രേഖപ്പെടുത്താനും സൗകര്യമുണ്ടാകുമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക് എത്തിച്ചേരാനാകും.

വെബ്സൈറ്റിൽ പി ആർ ഭരണം മുതൽ അമ്പല മോഷണം വരെയുള്ള കുറ്റപത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളിലെ സർക്കാരിൻ്റെ വീഴ്ച്ചകൾ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോ​ഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.