
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ സുധാകരന് അതൃപ്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് രമേശ് ചെന്നിത്തല. കണ്ണൂരിലേക്ക് പോയാൽ സുധാകരൻ മടങ്ങിവരുമെന്നും പാർട്ടിയെ അതൃപ്‌തി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ കെ സുധാകരൻ കെപിസിസി പ്രസിഡന്‍റുമായി ഇന്നലെ സംസാരിച്ചിരുന്നെന്നും സുധാകരന് നാട്ടിൽ പോകേണ്ട ആവശ്യം ഉള്ളതിനാലാണ് പോയത്, സുധാകരന് അതൃപ്തി എന്നത് മാധ്യമ സൃഷ്ടിയാണ് എന്നും കെസി വേണുഗോപാലും പ്രതികരിച്ചു. എന്നാൽ ദില്ലിയില്‍ നടന്ന അനുനയന ചർച്ചകളില്‍ വഴങ്ങാതെ സുധാകരൻ കണ്ണൂരിലേക്ക് തിരിച്ചിരിക്കുകയാണ്. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഒരാൾക്ക് അനുമതി നൽകിയാൽ മറ്റ് എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തും.
ദില്ലിയില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ സുധാകരൻ അതിവൈകാരികമായി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല എന്ന് അദ്ദേഹം കുറിച്ചു.
കെ സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചിരുന്നു. കെ സുധാകരൻ കണ്ണൂരിന്‍റെ ഹൃദയരക്തം തന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കെ സുധാകരന്‍റെ ഫേസ് സ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും സുധാകരൻ കരുത്തനായ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam