
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ ഹൈക്കമാൻഡിനെയും പ്രതിപക്ഷ നേതാവിനെയും തള്ളിപ്പറഞ്ഞ് കെ സുധാകരൻ. താരീഖ് അൻവറിനെ മറ്റാരോ നിയന്ത്രിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വാക്ക് മാറ്റിയെന്നും സുധാകരൻ ന്യൂസ് അവറിൽ ആരോപിച്ചു. തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നിൽ സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു.
പരാമർശത്തിൽ ജാതിവെറിയില്ലെന്ന് സുധാകരൻ ന്യൂസ് അവറിലും ആവർത്തിച്ചു. " ഞാനും അദ്ദേഹവും ഒരു ജാതിയാണ്. ഞാൻ നമ്പൂതിരിയോ ഭട്ടതിരിപ്പാടോ നായരോ ഒന്നുമല്ല ഈഴവനാണ് " താൻ ഉദ്ദേശിച്ചത് താഴ്ന്ന സാമ്പത്തിക സാഹചര്യത്തിൽ നിന്ന് ഉയർന്ന് വന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആർഭാട ജീവിതം നയിക്കുന്നുവെന്നാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്ന് ഉയർന്ന വന്നയാൾ മുകളിലോട്ട് പോകുമ്പോൾ കാഴ്ചപ്പാട് മാറുന്നതെങ്ങനെയെന്ന് സഖാക്കൾ മനസിലാക്കണമെന്നാണ് സുധാകരൻ പറഞ്ഞു.
എന്ത് കൊണ്ടാണ് തൻ്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവിനോട് ചോദിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി സംസാരിച്ചപ്പോൾ അതിൽ തെറ്റില്ലെന്ന് പറഞ്ഞയാൾ ഇന്ന് അത് മാറ്റിപ്പറയുന്നുണ്ടെങ്കിൽ അതെന്ത് കൊണ്ടാണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഷാനിമോൾ ഉസ്മാന്റെ പ്രസ്താവന വന്നപ്പോൾ പ്രതിപക്ഷ നേതാവിനെ വിളിച്ചിരുന്നുവെന്നും അപ്പോൾ അദ്ദേഹം അനുകൂലിച്ചുവെന്നുമാണ് സുധാകരൻ പറയുന്നത്.
ഷാനിമോൾ ഉസ്മാന്റെ പ്രസ്താവനയാണ് വിവാദത്തിലേക്ക് നയിച്ചതെന്നും സുധാകരൻ ന്യൂസ് അവറിൽ ആരോപിച്ചു. സിപിഎമ്മിന്റെ ഒരു എംഎൽഎയോ നേതാവോ പ്രതികരിക്കാതിരുന്നപ്പോഴാണ് പ്രസ്താവന വന്നതെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തന്റെ പേര് ചർച്ച ചെയ്യപ്പെടുമ്പോൾ ഇങ്ങനെ ഒരു വിവാദമുണ്ടാക്കിയത് ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും സുധാകരൻ പറഞ്ഞു. .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam