കെ സുധാകരൻ കെപിസിസി അധ്യക്ഷൻ? പാർട്ടിയിൽ ഉയരുന്ന വികാരം ഹൈക്കമാൻഡ് പരിഗണിച്ചേക്കും

By Web TeamFirst Published May 27, 2021, 10:19 AM IST
Highlights

സുധാകരനായി പാർട്ടിയിൽ ഉയരുന്ന വികാരം ഹൈക്കമാൻഡ് പരിഗണിച്ചേക്കും. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വരെയാകും പ്രവർത്തന പരിധി നിശ്ചയിക്കുക.

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് ഹൈക്കമാൻഡിൻ്റെ സജീവ പരിഗണനയിലെന്ന് സൂചന. സുധാകരനായി പാർട്ടിയിൽ ഉയരുന്ന വികാരം ഹൈക്കമാൻഡ് പരിഗണിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വരെയാകും പ്രവർത്തന പരിധി നിശ്ചയിക്കുക.

സുധാകരനായി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ചില എഐസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംയുക്തമായി കെ പിസിസി അധ്യക്ഷ പദവി  എ ഗ്രൂപ്പിന് നല്‍കണമെന്ന് വാദിക്കുന്നുണ്ടെങ്കിലും രാഹുല്‍ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാത്രം രാജിയെന്നറിയിച്ച  മുല്ലപ്പള്ളി, പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പോടെ നിലപാട് മാറ്റി. രാജിസന്നദ്ധതയറിയിച്ച് മുല്ലപ്പള്ളി കൈമാറിയ കത്ത് അംഗീകരിച്ച ഹൈക്കമാന്‍ഡ് പുതിയ അധ്യക്ഷന്‍ എത്തുംവരെ തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 

അതേ സമയം താന്‍ കഠിനാധ്വാനം  ചെയ്തിട്ടും സംഘടന ദൗര്‍ബല്യം തോല്‍വിക്ക് കാരണമായെവന്ന് അശോക് ചവാന്‍ സമിതിയെ അറിയിച്ച ചെന്നിത്തല പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെ വാനോളം പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് ശ്രദ്ധേയമായി. മുല്ലപ്പള്ളി കടുത്ത പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനും നീതി കിട്ടിയില്ലെന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി ചെന്നിത്തല രംഗത്ത് വന്നത്. പിന്നാലെ മുല്ലപ്പള്ളിയെ മാറ്റാന്‍ അരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തെളിവെടുപ്പ് തുടരുന്ന അശോക് ചവാന്‍ സമിതിക്ക് മുന്‍പാകെ സംഘടന ദൗര്‍ബല്യത്തെയാണ് എംഎല്‍എമാരും ചൂണ്ടിക്കാട്ടിയത്. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ക്കിടയില്‍ ഏകോപിച്ചുളള പ്രവര്‍ത്തനമില്ലായിരുന്നുവെന്നും എംഎല്‍എമാർ കുറ്റപ്പെടുത്തി.  ബൂത്ത്‌ തലം മുതൽ അടിമുടി മാറ്റം വേണം. ജംബോ കമ്മിറ്റികൾ പിരിച്ചു വിടണം എന്നും എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!